കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി

തിരുവനന്തപുരം.സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി. പത്മനാഭൻ അർഹനായി. മന്ത്രിസഭാ യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കഥാകൃത്ത് ടി പത്മനാഭനെ കേരള ജ്യോതി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കേരള പ്രഭാ പുരസ്കാരത്തിന് റിട്ട. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവർ അർഹരായി. വിവിധ മേഖലകളിൽ കേരള ശ്രീ പുരസ്കാരത്തിന് അഞ്ചുപേർ അർഹരായി. സാമൂഹ്യ സേവനത്തിന് പുനലൂർ സോമരാജൻ, ആരോഗ്യമേഖലയിൽ വി.പി ഗംഗാധരൻ, വ്യവസായ വാണിജ്യരംഗത്ത് രവി ഡിസി, സിവിൽ സർവീസിൽ നിന്ന് കെ എം ചന്ദ്രശേഖരൻ, കലാമേഖലയിൽ നിന്ന് പണ്ഡിറ്റ് രമേശ് നാരായണൻ എന്നിവരാണ് കേരള ശ്രീ പുരസ്കാരത്തിന് അർഹരായത്. അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്.

വിവാദങ്ങൾക്കിടെ നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും എന്നതായിരുന്നു മന്ത്രിസഭയുടെ മറ്റൊരു തീരുമാനം. കർഷകർക്കുള്ള പണം തടസ്സമില്ലാതെ നൽകുന്നതെന്ന് ഉറപ്പാക്കാൻ സപ്ലൈകോ ശ്രദ്ധിക്കാനും തീരുമാനമായി. പങ്കാളിത്ത പെൻഷൻ പദ്ധതി പുന പരിശോധന സമിതി റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പരിശോധന നടത്തുന്നതിനും സമിതി രൂപീകരിച്ചു.

Advertisement