പുതിയ റേക്കുകൾ ലഭിക്കുന്നില്ല, കോച്ച് വെട്ടിക്കുറച്ച് മെമു; ശ്വാസംമുട്ടി ജനയാത്ര

പത്തനംതിട്ട: മെമു ട്രെയിനുകളിലെ കോച്ചുകൾ കൂട്ടിയാൽ ഓഫിസ് സമയത്തെ ട്രെയിനുകളിലെ തിരക്കു കുറയുമെങ്കിലും അതിനുള്ള നടപടികൾ ഇഴയുന്നു. തിരുവനന്തപുരം ഡിവിഷനിലെ 12 സർവീസുകൾക്ക് എട്ട് കോച്ചുള്ള മെമുവാണു ഉപയോഗിക്കുന്നത്.

ഇത് അറ്റകുറ്റപ്പണിക്കു മാറ്റുന്ന ദിവസങ്ങളിൽ മാത്രമാണ് 12 കോച്ചുള്ള മെമു ലഭിക്കുന്നത്. 3.25: കൊല്ലം–ആലപ്പുഴ, 4.00: കൊല്ലം–കോട്ടയം, 7.40: ആലപ്പുഴ–എറണാകുളം, 7.50: എറണാകുളം–ആലപ്പുഴ, 5.35: ആലപ്പുഴ–കൊല്ലം, 6.15: എറണാകുളം–കൊല്ലം, വൈകിട്ട് 6.00: എറണാകുളം–കൊല്ലം, 1.35: എറണാകുളം–കൊല്ലം, 8.10: എറണാകുളം–കൊല്ലം, 8.00: കൊല്ലം–എറണാകുളം, 11.30: കൊല്ലം–കന്യാകുമാരി, 5.40: കോട്ടയം–കൊല്ലം എന്നീ സർവീസുകളിലാണ് 8 കോച്ചുള്ള മെമു ഉപയോഗിക്കുന്നത്.

വൈകിട്ട് 5.40നു കോട്ടയത്തുനിന്നു കൊല്ലത്തേക്കു പോകുന്ന മെമു ട്രെയിനിൽ കാലുകുത്താൻ സ്ഥലമുണ്ടാകാറില്ലെന്നു യാത്രക്കാർ പറയുന്നു. എട്ട്കോച്ചിലേക്കുള്ള ആളല്ല ഈ ട്രെയിനിൽ കയറുന്നത്. ട്രെയിൻ തിരുവല്ലയും ചെങ്ങന്നൂരും എത്തുമ്പോൾ തിരക്ക് ഇരട്ടിയാകുമെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. 12 കോച്ചുകളുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊല്ലം മെമു ഷെഡിലുണ്ടെങ്കിലും പുതിയ റേക്കുകൾ ലഭിക്കുന്നില്ല.

ദക്ഷിണ റെയിൽവേ 16 പുതിയ മെമു റേക്കിനായി ശുപാർശ സമർപ്പിച്ചിട്ടുണ്ടെങ്കിലും റെയിൽവേ ബോർഡിൽനിന്നു ലഭിച്ചിട്ടില്ല. വന്ദേഭാരത് നിർമാണത്തിനു മുൻഗണന നൽകുന്നതിനാൽ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ മെമു ട്രെയിനുകളുടെ ഉൽപാദനം കുറച്ചതും കേരളത്തിനു തിരിച്ചടിയായി. മറ്റു സോണുകളിൽനിന്നു കോച്ചുകൾ എത്തിക്കുന്നതിന്റെ സാധ്യതയും റെയിൽവേ പരിഗണിച്ചിട്ടില്ല.

Advertisement