അ​ഗ്നിപഥ് പ്രതിഷേധം: കത്തിച്ച് ചാമ്പലാക്കിയത് കോടികൾ

കൊച്ചി: ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അക്രമത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായതായി വിലയിരുത്തൽ. ബിഹാർ, ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ വ്യാപകമായി റെയിൽവേ സ്റ്റേഷനുകൾ തകർക്കുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ബിഹാറിലും തെലങ്കാനയിലും ട്രെയിനുകൾക്കു തീയിട്ടു. ബിഹാറിൽ മാത്രം 200 കോടി രൂപയുടെ നഷ്ടമാണ് റെയിൽവേ വിലയിരുത്തുന്നത്.

ഒരു കോച്ച് കത്തി നശിച്ചാൽ പോലും റെയിൽവേയ്ക്ക് നഷ്‌മാകുന്നത് കോടികൾ ആണെന്നിരിക്കെ വ്യാപകമായി ട്രെയിനുകൾ കത്തിനശിക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. പുതിയ എൽഎച്ച്ബി എസി കോച്ചുകൾക്കു രണ്ടര കോടി രൂപയോളം വിലയുണ്ട്. സ്ലീപ്പർ –1.68 കോടി, ജനറൽ–1.67 കോടി, എസി ടു ടയർ, ഫസ്റ്റ് എസി, –2.30 കോടി, തേഡ് എസി–2.36 കോടി, ജനറേറ്റർ കാർ–3.03 കോടി, പാൻട്രി കാർ– 2.32 കോടി എന്നിങ്ങനെയാണു നിർമാണ ചെലവ്. 22 കോച്ചുകളുള്ള എൽഎച്ച്ബി ട്രെയിന് ഏകദേശം 45 കോടി രൂപയോളം വില വരും. ഡബ്ല്യുഎപി 7 ലോക്കോമോട്ടീവിനു 12.38 കോടി രൂപയും ഡീസൽ ലോക്കോക്ക് (ഡബ്ലുഡിപി4ഡി) 13 കോടി രൂപയും വിലയുണ്ട്.

പരമ്പരാഗത ഐസിഎഫ് കോച്ചുകളുടെ നിർമാണം നിർത്തലാക്കിയെങ്കിലും ഒട്ടേറെ ട്രെയിനുകൾ പഴയ കോച്ചുകൾ ഉപയോഗിക്കുന്നുണ്ട്. 25 കോടി രൂപയാണു ഐസിഎഫ് കോച്ചുകളുള്ള ട്രെയിനിന് നിർമാണ ചെലവ്. പ്രതിഷേധക്കാർ തീവച്ചു നശിപ്പിച്ചതിൽ കൂടുതലും പുതിയ എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനുകളാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു റെയിൽവേയ്ക്കുണ്ടായിരിക്കുന്നതെന്നു അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Advertisement