’43 സാക്ഷികൾ, 95 രേഖകൾ, 10 തൊണ്ടിമുതൽ’; ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകം, വിചാരണ പൂർത്തിയായി

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി.

എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികൾ പുരോഗമിക്കുന്നത്. അഞ്ചുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും ജ്യൂസ്‌ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന‍് ഹാജരാക്കിയത്.

കഴിഞ്ഞ ജൂലൈയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തില്‍വച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിന് പ്രതി കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആലുവ മാര്‍ക്കറ്റിലെത്തിക്കുന്നതുവരെ നേരിൽ കണ്ട സാക്ഷികളെ വിസ്തരിച്ചു. കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ ശരീരശ്രവങ്ങൾ കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലുമുള്ളതായുള്ള ഫോറന്‍സിക് പരിശോധനാ ഫലവും കോടതിയിലെത്തിച്ചു.

കുട്ടിയുടെ രക്തം പ്രതിയുടെ വസ്ത്രത്തിലുണ്ടായിരുന്നുവെന്നും തെളിഞ്ഞിരുന്നു. കുട്ടിയുടെ ആന്തരികാവയവ പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. പ്രതി അസഫാക് സമാനമായ കുറ്റകൃത്യം ഡൽഹിയിൽ ചെയ്തതിന്റെ രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇയാള്‍ക്കെതിരേ ഡൽഹിയില്‍ പോക്‌സോ കേസുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2018ല്‍ ഗാസിപൂരില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

പ്രതിക്ക് മലയാളമറിയാത്തതിനാല്‍ പരിഭാഷകയുടെ സേവനം ലഭ്യമാക്കിയിരുന്നു. കേസില്‍ പ്രതിഭാഗം വാദവും അതിവേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം. കുറ്റകൃത്യം നടന്ന് മുപ്പത്തിയഞ്ച് ദിവസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റകൃത്യം നടന്ന് 83 ദിവസത്തിനകം പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ആണ് ഹാജരായത്.

Advertisement