വിഴിഞ്ഞത്ത് ആദ്യ കപ്പൽ;കേരളത്തിൻ്റെ വികസന കുതിപ്പിന് വിഴിഞ്ഞം കരുത്താകും, അസാധ്യമായി ഒന്നുമില്ലന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ സംഘം ചൈനീസ് കപ്പലായ ഷെൻ 15നെ ഫ്ലാഗ് ഇൻ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തടസ്സങ്ങൾ ഉണ്ടായെങ്കിലും വേഗത്തിൽ വിഴിഞ്ഞത്ത് കപ്പലെത്തിക്കാൻ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില രാജ്യാന്തര ലോബികൾ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയിൽ പറഞ്ഞു. തടസ്സങ്ങൾ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിച്ചു. അപൂർവതകളിൽ അപൂർവമായ സവിശേഷതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ജനങ്ങൾ വലിയ തോതിൽ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതിസന്ധിയേയും ഐക്യത്തോടെയും കൂട്ടായ്മയോടെയും മറികടക്കുമെന്ന് നമ്മൾ തെളിയിച്ചു. വികസിത കേരളമാണ് എല്ലാവരുടേയും ആഗ്രഹം. കേരളത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരും വി ഡി സതീശനും പങ്കെടുക്കുന്ന പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിയൂരുന്നു പരിപാടിയിലെ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുത്തു. വിഴിഞ്ഞം ഇടവക പ്രതിനിധികൾ ചടങ്ങിലുണ്ടായിരുന്നെങ്കിലും ലത്തീൻ സഭയുടെ നേതൃത്വത്തിൽ പരിപാടിയിൽ നിന്ന് വിട്ടുനിന്നു.

Advertisement