വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം,രാഷ്ട്രീയ പോര് കനക്കുന്നു

Advertisement

തിരുവനന്തപുരം. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നു. പദ്ധതി കൊണ്ടുവന്നത് യുഡിഎഫ് എന്നും, ഉമ്മൻചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിന് നൽകണം എന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. എന്നാൽ പദ്ധതിയുടെ ആലോചന ഇ.കെ നായനാർ സർക്കാരിൻ്റെ കാലത്തേ ആരംഭിച്ചതെന്ന് സിപിഎം.

മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പരാമർശം. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത് ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടാണ്. നാലുവർഷം പദ്ധതി വൈകിപ്പിച്ച് കനത്ത നഷ്ടം സംസ്ഥാനത്തിന് വരുത്തിയ ശേഷം പിണറായി വിജയൻ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയാണെന്നും കെ സുധാകരൻ ആരോപിച്ചു. വിഴിഞ്ഞത്ത് കപ്പലടിപ്പിക്കാനുള്ള അർഹത ഉമ്മൻചാണ്ടിക്കായിരുന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വച്ചവരാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന പിണറായി വിജയനും കൂട്ടരും എന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാൽ, ഇ.കെ നായനാർ സർക്കാരിന്റെ കാലത്തേ വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയെന്ന് മറു വാദവുമായി സി.പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി.

അതേ സമയം വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഞായറാഴ്ച സിപിഎം ആഹ്ലാദപ്രകടനം നടത്തും. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്റെ നീക്കം.

ഇതിനെ പ്രതിരോധിക്കാന്‍ മറുവഴിതേടുകയാണ് യുഡിഎഫ്. വിഴിഞ്ഞം പദ്ധതിയെ വിമര്‍ശിച്ചുകൊണ്ടുള്ള പാര്‍ട്ടി പത്രത്തിന്‍റെ മുഖപേജാണ് സമൂഹമാധ്യമങ്ങളില്‍ യുഡിഎഫ് എടുത്തുവീശുന്ന രാസായുധം.

Advertisement