നിയമനത്തട്ടിപ്പ് വിവാദം: ആരോഗ്യ വകുപ്പിനെ താറടിച്ച് കാണിക്കാൻ ഉള്ള ശ്രമത്തിൻ്റെ ഭാഗം ; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേരെ ചൊവ്വേ നടക്കുന്ന ഒരു വകുപ്പിനെ ബോധപൂർവം താറടിച്ചുകാണിക്കാനുള്ള ശ്രമമുണ്ടായെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിഷയത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് പോലീസിനോട് തിരക്കിയോ എന്ന ചോദ്യത്തിന് , പോലീസ് ഉദ്യോഗസ്ഥരുമായി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. കുറച്ചു ദിവസം ഇവിടെ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ആരുമായും ചർച്ച ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, കാര്യങ്ങൾ എല്ലാം ഇപ്പോൾ വ്യക്തമാണല്ലോ. എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തല്ലോ, എല്ലാ തരത്തിലും. ആ റിപ്പോർട്ടിലൂടെ നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്നാണ് ആലോചിക്കേണ്ടത്. സ്വയംവിമർശനപരമായി പരിശോധിക്കാൻ പറ്റുമെങ്കിൽ അതാണ് നമ്മൾ ചെയ്യേണ്ടത്, മുഖ്യമന്ത്രി പറഞ്ഞു.

നേരെ ചൊവ്വേ നടക്കുന്ന ഒരു വകുപ്പിനെ, കേരളത്തിന് തന്നെ അഭിമാനകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു വകുപ്പിനെ ബോധപൂർവം താറടിച്ചു കാണിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തിൽനിന്ന് ഉണ്ടാകുകയാണ്. ഇപ്പോൾ നിപയൊക്കെ കൈകാര്യം ചെയ്തതിന്റെ തുടർച്ചയായി വരുമ്പോൾ കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രത്യേകമായി ശ്രദ്ധിക്കുമല്ലോ. അങ്ങനെ യശസ്സോടെ നിൽക്കുന്നൊരു ഘട്ടത്തിലാണ് തീർത്തും വ്യാജമായ ഒരു കാര്യം സൃഷ്ടിക്കാൻ വേണ്ടിയുള്ള ശ്രമം നടക്കുന്നത്. ഇല്ലാത്തൊരു കാര്യം കെട്ടിച്ചമയ്ക്കാനാണ് ശ്രമമുണ്ടായതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്.

ഈ പറഞ്ഞ വ്യക്തികൾക്കെല്ലാം അതിൽ പങ്കുണ്ടെന്ന് അവർ സമ്മതിച്ചതായാണ് വാർത്ത കാണുന്നത്. അവർ അവിടേക്ക് എത്താൻ വേറെ ആരെങ്കിലും ഉണ്ടോ എന്നാണ് ഇനി കണ്ടെത്താനുള്ളത്. പക്ഷേ, നമ്മൾ കാണേണ്ട കാര്യം, നമ്മുടെ നാട്ടിലുള്ള പ്രചാരണസംവിധാനങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതാണ്. ഇത് ഗവൺമെന്റിന്റെ പ്രവർത്തനത്തെ താറടിക്കുന്ന പ്രശ്നം മാത്രമല്ല. നമ്മുടെ നാടിനെയാണ് ഇതിന്റെ ഭാഗമായി താറടിക്കാൻ നോക്കുന്നത്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisement