‘വിൻഡോ സീറ്റിനെ കുറിച്ചുള്ള തർക്കം മാത്രമാണ് ഉണ്ടായത്; കേസ് മുംബൈ പൊലീസിന്റെ പരിധിയിൽ’

കൊച്ചി: വിമാനയാത്രയ്ക്കിടെ യുവനടി ദിവ്യപ്രഭയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശൂർ സ്വദേശി ആന്റോ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ അപേക്ഷയിൽ പറയുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ അങ്ങനെയൊരു സംഭവം വിമാനത്തിൽ ഉണ്ടായിട്ടില്ല എന്നാണ് ആന്റോ ജാമ്യാപേക്ഷയിൽ പറയുന്നത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താൻ വിമാനത്തിൽ യാത്ര ചെയ്തത്. വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്ത് നടി അത് തന്റെ സീറ്റാണെന്ന് പറഞ്ഞു വരുന്നത്. തുടർന്ന് അതുമായി ബന്ധപ്പെട്ട് ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായി. എന്നാൽ വിമാനത്തിലെ ജീവനക്കാർ എത്തി ആ പ്രശ്നം പരിഹരിക്കുകയും നടിക്ക് മറ്റൊരു സീറ്റ് നൽകുകയും ചെയ്തതായി പരാതിക്കാരൻ മുൻകൂർ ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചു.

അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തിൽ പരാതിയുണ്ടെന്ന കാര്യം അറിയുന്നത്. വിമാനം മുംബൈയിൽ നിന്ന് കൊച്ചിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻ‌പാണ് ഈ സംഭവം ഉണ്ടായതെന്നും അതിനാൽ മുംബൈ പൊലീസിന്റെ അധികാര പരിധിയിലാണ് കേസ് വരുന്നതെന്നും ഇയാൾ ചൂണ്ടിക്കാട്ടി.

നെടുമ്പാശേരി പൊലീസിന് ഇത്തരത്തിൽ കേസെടുക്കാൻ അധികാരമില്ലെന്നും പറയുന്നു. സംഭവത്തിൽ നാളെത്തന്നെ ജില്ലാ സെഷൻസ് കോടതി വാദം കേട്ടേക്കും. പ്രതിയുടെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ ഒളിവിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതിനിടെയാണ് ഇയാൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്.

മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്നു മോശമായി പെരുമാറിയെന്നാണ് ദിവ്യപ്രഭയുടെ ആരോപണം. സംഭവത്തെപ്പറ്റി എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോടു പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതും ഇക്കാര്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതെന്നും അവർ പറഞ്ഞു.
വിമാന ജീവനക്കാരോടു പരാതിപ്പെട്ടപ്പോൾ ദിവ്യപ്രഭയുടെ സീറ്റ് മാറ്റിയിരുത്തി. കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ പൊലീസിനോട് പരാതിപ്പെടാനായിരുന്നു നിർദേശം. ഇമെയിൽ വഴിയാണു പരാതി അയച്ചത്. പിന്നീട് ഇൻസ്റ്റഗ്രാം പേജിലൂടെ താരം ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തു. ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.

Advertisement