ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു

Brucellosis. 3D illustration of bacteria Brucella and photo of a cow. Brucella bacteria are transmitted to human from cattle and other animals by direct contact with ill animal or by contaminated milk
Advertisement

ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍.

വളര്‍ത്തു മൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും പകര്‍ച്ചവ്യാധിയുമാണ് ബ്രൂസെല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നു കൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്സ് രോഗം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്.
പ്രധാനമായും പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഈ രോഗം, ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കാരണമാണുണ്ടാകുന്നത്. ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാ മെലിട്ടന്‍സിസ് ആടുകളിലും ബ്രൂസല്ലാ സുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു.

രോഗലക്ഷണങ്ങളും വ്യാപനവും
ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളില്‍ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദനക്കുറവുമെല്ലാം കര്‍ഷകര്‍ക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ (69) ഗര്‍ഭമലസുന്നത് ബ്രൂസല്ലോസിസിന്റെ പ്രധാന ലക്ഷണമാണ്. ആദ്യ രോഗബാധയില്‍ ഗര്‍ഭമലസല്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പിന്നീടുള്ള പ്രസവങ്ങള്‍ സാധാരണ ഗതിയില്‍ നടക്കാം. പശുക്കള്‍ സ്വയം പ്രതിരോധശേഷി ആര്‍ജിക്കുന്നതിനാലാണിത്. എങ്കിലും രോഗാണുവാഹകരായ പശുക്കള്‍ അണുക്കളെ ഗര്‍ഭാശയ സ്രവങ്ങളിലൂടെയും മറ്റും പുറന്തള്ളുന്നത് രോഗവ്യാപനത്തിന് കാരണമാവും.
ഗര്‍ഭാശയത്തില്‍ വെച്ച് തന്നെ ചത്തതോ ആരോഗ്യശേഷി തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ളയെ പുറന്തള്ളാതിരിക്കല്‍ ഗര്‍ഭാശയത്തില്‍ വീക്കവും പഴുപ്പും തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ബ്രൂസെല്ലോസിസ് കാരണമാവാറുണ്ട്. അകിട് വീക്കം, പാല്‍ ഉത്പാദനം ഗണ്യമായി കുറയല്‍, സന്ധികളില്‍ വീക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.

Advertisement