കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള അനുസ്മരണം നാളെ ശാസ്താംകോട്ടയിൽ

ശാസ്താംകോട്ട: അധ്യാപകനും സംസ്കൃത പണ്ഡിതനുമായിരുന്ന അന്തരിച്ച കുറിശേരി ഗോപാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം നാളെ നടക്കും. രാവിലെ 7 ന് ശാസ്താംകോട്ട വേങ്ങ കുറിശ്ശേരിൽ വീട്ടുവളപ്പിൽ നടക്കുന്ന സഞ്ചയന കർമ്മങ്ങൾക്ക് ശേഷമാണ് അനുസ്മരണ യോഗം ചേരുന്നത്. ഒക്ടോബർ 2 ന് രാവിലെയായിരുന്നു 91 വയസ്സായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്.
വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ് കുറിശേരി ഗോപാലകൃഷ്ണപിള്ള.
സംസ്കൃത പണ്ഡിതനും കവിയുമായ അദ്ദേഹം പന്മനയിൽ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചത്. പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം
വിരമിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിൽ സജീവമായി. വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവയാണ് കൃതികൾ.
ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടി.

Advertisement