സര്‍ക്കാര്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചരട് വില്‍ക്കല്‍ നിരോധനം; നടപടി ശാസ്താംകോട്ടക്കാരന്റെ പരാതിയില്‍

Advertisement

ശാസ്താംകോട്ട: കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചരട് സ്വകാര്യ സ്ഥാപനങ്ങള്‍ വഴി വില്‍ക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത്തരത്തില്‍ കച്ചവടം ചെയ്യുന്നതിലൂടെ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതാകട്ടെ ശാസ്താംകോട്ട സ്വദേശിയുടെ പരാതിയും.പൊതുപ്രവര്‍ത്തകന്‍ എസ് ദിലീപ്കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ നടപടി. ഇത്തരം അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ ചരടുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നതിനും വിലക്കുണ്ട്. സര്‍ക്കാര്‍ മുദ്രയും വകുപ്പും ആലേഖനം ചെയ്ത് വില്‍ക്കുന്ന ചരടുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നതിനും വിലക്കുണ്ട്.

പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍ താരാദേവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.കാര്‍ഡിനൊപ്പമുള്ള ചരടുകള്‍ അതത് വകുപ്പുകള്‍ തന്നെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ശാസ്താംകോട്ട ശാസ്താംകോട്ട ടൗണ്‍ വാര്‍ഡ് മുന്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ അശ്വതിയില്‍ എസ് ദിലീപ് കുമാര്‍ പൊതു താല്‍പര്യമുള്ള പ്രശ്നങ്ങളില്‍ മുന്‍പും നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ പിടികൂടുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ഋഷിരാജ് സിംങ് ഇറക്കിയ ഉത്തരവ് റദ്ദാക്കുന്നതിനും ശാസ്താംകോട്ട ജല അതോറിറ്റി ട്രീറ്റ്മെന്റ് പ്ളാന്‍റിലെ വെള്ളം തടാകത്തിലേക്ക് തിരിച്ച് ഒഴുക്കുന്നതിനെതിരെയും ജല അതോറിറ്റി ടൗണില്‍ അന്യായമായി കൈവശം വച്ചിരുന്ന ഭൂമി തിരിച്ചു പിടിക്കുന്നതിനും ദിലീപിന്‍റെ പൊതു താല്‍പര്യ പരാതികള്‍ ഉപകരിച്ചിരുന്നു.

Advertisement