റിലീസ് വിലക്കില്ല…ദിലീപ് നായകനായ ‘തങ്കമണി’ ഇന്ന് തിയേറ്ററുകളിൽ

ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമ ഇന്ന് തിയേറ്ററുകളിൽ. അതേസമയം സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി തള്ളുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ എന്താണെന്ന് വിശദീകരിക്കേണ്ടിവരും എന്നത് കണക്കിലെടുത്ത് കോടതി രഹസ്യവാദം കേട്ടിരുന്നു. ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയില്‍ യഥാര്‍ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നേരത്തെ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പരാതിക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയിൽ നൽകിയ ഉറപ്പിനെ തുടർന്ന് ഹർജി തീർപ്പാക്കിയിരുന്നു.

തങ്കമണിയിൽ 38 വർഷങ്ങൾക്കു മുൻപ് നടന്നൊരു ബസ് തടയലും തുടർന്ന് നടന്ന പോലീസ് നരനായാട്ടും ആധാരമാക്കിയെത്തുന്ന ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങൾ‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി.ആർ.ബിജുവാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. സിനിമയുടെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാർ‌ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ഹർജിയിലെ വാദം.

Advertisement