കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം കെടുത്തുമോ പത്മജ , അഭ്യൂഹം ശക്തം

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക് എന്ന അഭ്യൂഹം ശക്തം. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം നിലനിന്ന ശക്തമായ തൂണുകളില്‍ പെട്ട ലീഡര്‍ കെ കരുണാകരന്റെ മകളും കെ മുരളീധരന്‍ എംപിയുടെ സഹോദരിയുമായതിനാല്‍ തന്നെ പത്മജാ വേണുഗോപാല്‍ പുറത്തേക്കുപോകുന്നത് ഒരാഘാതമാണ്. പവര്‍പൊളിറ്റിക്സിലൂടെ വളര്‍ന്ന പത്മജയ്ക്കിന്ന് കോണ്‍ഗ്രസില്‍ യാതൊരു പ്രസക്തിയുമില്ലെങ്കിലും കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ് എന്ന തോന്നല്‍ ശക്തമാക്കാന്‍ ബിജെപി ഉപയോഗിക്കുന്ന മോഡലായി പത്മജമാറുമോ എന്നതാണ് അറിയാനുള്ളത്.

നേരത്തെ കെടിഡിസി ചെയര്‍പേഴ്സണ്‍ ആയിരുന്നു. പാര്‍ട്ടിയില്‍ നിലവില്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തുടരുന്ന അവഗനയാണ് പത്മജയുടെ മനം മാറ്റത്തിന് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലും പാര്‍ട്ടി പരിഗണിക്കാത്തത് അവരില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.കരുണാകരന്‍റെ ഭരണകാലത്ത് അധികാരത്തിന്‍റെ താക്കോല്‍ കയ്യിട്ട് കറക്കിയിരുന്ന വ്യക്തിയാണ് പത്മജ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം മാറിയതോടെ ഈ അധികാര ആചാരങ്ങള്‍ അപ്രസക്തമായി. കെ മുരളീധരനെപ്പോലും ഒരു പരിധിക്കപ്പുറം പുതിയ അധികാരകേന്ദ്രങ്ങള്‍ അടുപ്പിക്കുന്നില്ല.

പത്മജ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാകുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി പത്മജ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2000ല്‍ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂരില്‍ നിന്ന് 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ഒരു നീക്കം ഇല്ലെന്ന് പത്മജയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നതാണ് . പത്മജ ഡെല്‍‍ഹിയില്‍തുടരുന്നു എന്നതാണ് സംശയത്തിനാധാരം. ബിജെപിയിലേക്ക് എന്ന വാര്‍ത്ത നിഷേധിച്ച് നല്‍കിയ ഫേസ് ബുക് പോസ്റ്റ് അപ്രത്യക്ഷമായത് സംശയം ബലപ്പെടുത്തിയിട്ടുണ്ട്.

ആന്റണിയുടെ മകന്‍ ചെയ്തതിലും പതിന്മടങ്ങ് ആഘാതം കോണ്‍ഗ്രസിന് പത്മജയുടെ പോക്കിന് നല്‍കാനാവും. മാത്രമല്ല തിരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടിയാവും ഉണ്ടാവുക.

Advertisement