റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അവസരം

Advertisement

തിരുവനന്തപുരം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ www.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയോടൊപ്പം മുൻഗണനാ കാർഡിന് അർഹമായ രേഖകളും സമർപ്പിക്കണം.

മുൻഗണനാ കാർഡിന് വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7306 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,94,254 പുതിയ കാർഡുകൾ വിതരണം ചെയ്തു. കൂടാതെ 3,51,745 പിഎച്ച്എച്ച് കാർഡുകളും 28,793 എഎവൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,22,952 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുൻഗണന കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കുകയും ചെയ്തു. ‘ഓപ്പറേഷൻ യെല്ലോ’ യുടെ ഭാഗമായി 4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്‌തെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

Advertisement

1 COMMENT

Comments are closed.