തട്ടം പരമാർശം: സംഘ്പരിവാറിന് കീഴ്‌പ്പെട്ട സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന് സതീശൻ

തിരുവനന്തപുരം:തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം മൂലമാണെന്ന സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാറിന്റെ പരാമർശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരാൾ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്

സംഘ്പരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ഹിജാബ് നിരോധിച്ച ബിജെപി സർക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സിപിഎമ്മും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. ശബിമല വിഷയത്തിലും വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സർക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമർശം വർഗീയ കക്ഷികൾക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.

Advertisement