ഒഡി കാറിലെത്തി ചീര വിൽക്കുന്ന മലയാളി, വൈറലായി വീഡിയോ

ഇൻസ്റ്റ​ഗ്രാമിൽ മലയാളിയായ ഒരു കർഷകനാണ് ഇപ്പോൾ താരം. ഒഡി കാറിൽ വന്നിറങ്ങി ചീരക്കച്ചവടം നടത്തുന്ന ഇദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു.

‘വെറൈറ്റി ഫാർമർ’ എന്ന പേരിൽ യുട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ്.പി എന്ന കർഷകനാണ് ഈ വീഡിയോയിലുള്ളത്. തന്റെ ഔഡി കാറിൽ ചീര വിൽക്കാൻ സുജിത് ചന്തയിലെത്തുന്നതും ആളുകൾ സുജിത്തിൽ നിന്ന് ചീര വാങ്ങുന്നതുമാണ് വീഡിയോയിൽ കാണിക്കുന്നത്.

10 വർഷമായി കാർഷികവൃത്തി ചെയ്യുന്ന സുജിത്തിനെ തേടി നിരവധി അം​ഗീകാരങ്ങൾ ഇതിനകം തന്നെ എത്തിയിട്ടുണ്ട്, സംസ്ഥാന യൂത്ത് ഐക്കൺ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ആണ് സുജിത്തിന്റെ അദ്ധ്വാനത്തിന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. പലതരം വിളകൾ കൃഷി ചെയ്ത് ചെറിയ രീതിയിലായിരുന്നു സുജിത്തിന്റെ തുടക്കം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നതാണ് സുജിത്തിന്റെ രീതി. യുട്യൂബിൽ ആറു ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സും ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷം ഫോളോവേഴ്‌സുമുള്ള സുജിത്തിന് വീഡിയോകൾ വഴിയും വരുമാനം ലഭിക്കുന്നുണ്ട്.

അടുത്തിടേയാണ് സുജിത്ത് 44 ലക്ഷം രൂപ വിലവരുന്ന ഔഡി എ4 സെഡാൻ കാർ സ്വന്തമാക്കിയത്. ‘ഔഡി കാറിൽ ചീരവിറ്റപ്പോൾ’ എന്ന ക്യാപ്ഷനോടെയാണ് സുജിത്ത് വീഡിയോ പോസ്റ്റ് ചെയ്തത്. 85 ലക്ഷം പേർ ഈ വീഡിയോ കണ്ടു. നാലര ലക്ഷം ആളുകൾ ലൈക്കും ചെയ്തു. സുജിത്തിന്റെ കഠിനധ്വാനത്തേയും പ്രയത്‌നത്തേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വന്നത്. ഏതായാലും നമ്മുടെ കർഷകരുടെ ഭാവി അത്രമാത്രം ഇരുട്ടിലാണെന്ന വാദമൊക്കെ കഴമ്പില്ലാത്തതാണ് എന്ന് തന്നെയാണ് ഈ ഓഡി കാറും സുജിത്തും നമ്മോട് പറയുന്നത്.

<

Advertisement