നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; ഒളിവിലായിരുന്ന പ്രതി റോബിൻ തമിഴ്നാട്ടിൽ നിന്നും പിടിയിൽ

Advertisement

കോട്ടയം: കുമാരനെല്ലൂരിൽ നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പിടികൂടിയത്. നായ പരിശീലന കേന്ദ്രത്തിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഡെൽറ്റ കെ നയൻ എന്ന പേരിലുള്ള നായ പരിശീലന കേന്ദ്രത്തിന്റെ മറവിലാണ് കഞ്ചാവ് കഞ്ചവടം നടന്നത്.

നഗരത്തില്‍ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ നടത്തി വന്നിരുന്ന കഞ്ചാവ് വില്പന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് പോലീസ് പിടികൂടിയത്. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിട്ട ശേഷം പ്രതി റോബിൻ ഓടി രക്ഷപ്പെട്ടു.

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞയാഴ്ച രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പോലീസ് വളഞ്ഞു. പുലർച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടു. ഇതിലൂടെ പോലീസ് സാന്നിധ്യം സംശയിച്ച റോബിൻ മനുഷ്യനെ ആക്രമിക്കുന്ന ഇനം നായകളെ പോലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. നായ്ക്കള്‍ക്ക് ട്രയിനിംങ്, വീട്ടുകാര്‍ പോകുമ്പോള്‍ സംരക്ഷണം എന്നിവയാണ് സ്ഥാപനം നല്‍കുന്നത്. എന്നാല്‍ പൊലീസ് കണ്ടത് മോശം സാഹചര്യത്തില്‍ സംരക്ഷിച്ചിരിക്കുന്ന നായ്ക്കളെ, അതിനു വേറെ കേസ് വരും.

റോബിൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് കണ്ടെത്തിയത്.
പ്രദേശത്ത് സ്ഥിരം ശല്യക്കാരൻ ആയിരുന്ന റോബിൻ സമീപവാസികളെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ വേറെയും കേസുകൾ ഉണ്ട്. ഇയാളുടെ അന്തർ സംസ്ഥാന ലഹരി മാഫിയുമായുള്ള റോബിന്റെ ബന്ധങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Advertisement