സി പി എം – ബി ജെ പി സംഘര്‍ഷം നടന്ന കോഴിക്കോട് പുതുപ്പാടിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

കോഴിക്കോട് . സി പി എം – ബി ജെ പി സംഘര്‍ഷം നടന്ന കോഴിക്കോട് പുതുപ്പാടിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. കള്ളുഷാപ്പില്‍ വെച്ച് പാട്ടുപാടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാഷ്ട്രീയ സംഘര്‍ഷത്തിലും വീടുകള്‍ക്ക് നേരെയുള്ള അക്രമണത്തിലും കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വിലക്കാനും യോഗത്തിൽ തീരുമാനിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ കള്ളുഷാപ്പില്‍ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റവും അക്രമവും നടന്നത്. ബി ജെ പി പ്രവര്‍ത്തകർ ഷാപ്പ് അടിച്ച് തകര്‍ക്കുകയും സി പി എം പ്രവര്‍ത്തകന്റെ വീട് അക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബി ജെ പി – സി പി എം പ്രവര്‍ത്തകർ ഏറ്റുമുട്ടി. പിന്നാലെ ബി ജെ പി നേതാവിന്റെ വീടിന് നേരെയും അക്രമമുണ്ടായി. സംഭവത്തില്‍ താമരശ്ശേരി പോലീസ് രണ്ട് കേസും കോടഞ്ചേരി പോലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടിയുമായി പോലീസ് രംഗത്തെത്തിയത്.

രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Advertisement