‘വോട്ടു ചെയ്യാനാകാതെ നിരവധിപ്പേർ തിരിച്ചുപോയി; സമയം നീട്ടി നൽകണം’

Advertisement

കോട്ടയം: പുതുപ്പള്ളിയിൽ വോട്ടിങ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും, അവർക്ക് സമയം നീട്ടി നൽകണമെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ‌. മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാൻ‌ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. 31 ബൂത്തുകളില്‍ പ്രശ്നമുണ്ടെന്നാണു മനസ്സിലാക്കുന്നത്. രാവിലെ മുതൽ റിട്ടേണിങ് ഓഫിസറോട് പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേസമയം പല ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ്. ബൂത്തുകളിൽ എത്തിയവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement