യൂട്യൂബ് ബ്ലോഗറുടെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, നടൻ ബാലയ്ക്കെതിരെ കേസെടുത്തു

കൊച്ചി.യൂട്യൂബ് ബ്ലോഗറുടെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ നടൻ ബാലയ്ക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.ഇന്നലെ വൈകിട്ട് ആറുമണിക്ക് ആയിരുന്നു സംഭവം.ബാലയ്ക്കു പുറമേ മറ്റു മൂന്നു പേരെയും എഫ്ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയില്ല എന്നും തനിക്കെതിരായ വീഡിയോയെ കുറിച്ച് ചോദിക്കാനാണ് വീട്ടിൽ പോയതെന്നും ബാല മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വൈറ്റിലക്ക് സമീപം താമസിക്കുന്ന യൂട്യൂബർ ആയ അജു അലക്സിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും അതിക്രമിച്ച് കയറുകയും ചെയ്തുവെന്ന പരാതിയിലാണ്
നടൻ ബാലയ്ക്കെതിരായി തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബാലയ്ക്ക് എതിരായ വീഡിയോ ചെയ്തതിലെ വൈരാഗ്യമാണ് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറാൻ ഇടയാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു. തന്നെ തിരക്കി വന്നവർ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന തന്റെ സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും വീട്ടിനുള്ളിലെ സാധനസാമഗ്രികൾ വലിച്ചെറിഞ്ഞ നശിപ്പിച്ചതായും അജു അലക്സ് പറഞ്ഞു.

IPC 451, 506, 34 വകുപ്പുകൾ പ്രകാരമാണ് ബാലക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബാലയ്ക്കു പുറമേ ഒപ്പമുണ്ടായിരുന്ന ആളുകളെയും പ്രതിയാക്കിയിട്ടുണ്ട്. എന്നാൽ താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലന്നും വീഡിയോ ചെയ്യുന്നത് ശരിയായ രീതിയിൽ അല്ലെന്നു ഉപദേശിക്കാൻ ആണ് പോയതെന്ന് ബാല ഫെയ്സ് ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയും മാധ്യമങ്ങളോടും വിശദീകരിക്കുകയും ചെയ്തു . തനിക്കെതിരെ മാത്രമല്ല മറ്റ് സിനിമ താരങ്ങൾക്ക് എതിരെയും മോശമായ രീതിയിൽ യൂടൂബർ വീഡിയോ ചെയ്യാറുണ്ട് ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ബാല.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ശേഷം മാത്രമേ ഇക്കാര്യം എഫ്ഐആറിൽ ഉൾപ്പെടുത്തണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന തൃക്കാക്കര പോലീസും പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ബാലയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Advertisement