“ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല” ; ഷംസീറും പറഞ്ഞിട്ടില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം∙ ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി ഉദാഹരിച്ചത്. അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുനടക്കുന്നതു കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു. 

വിഡി.സതീശനും കെ. സുരേന്ദ്രനും ഒരേ അഭിപ്രായമാണു കഴിഞ്ഞകുറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. സിപിഎമ്മാണു വർഗീയതയ്ക്കു കൂട്ടുനിൽക്കുന്നതെന്ന അസംബദ്ധ പ്രചാരവേല കുറെക്കാലമായി സതീശൻ പറയുന്നു. ‘വാതിലുകളെല്ലാം തുറക്കപ്പെടട്ടേ, വിചാരധാരകൾ പ്രവേശിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ വർഗീയ നിലപാടാണു ഞങ്ങൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു തടിതപ്പുകയാണു ചെയ്തത്. സതീശന്റെ മനസിന്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ വരുന്നു എന്നതാണു അദ്ദേഹത്തിന്റെ പരാമർശങ്ങളിൽനിന്നു മനസിലാകുന്നത്.

ഹിന്ദു വർഗീയവാദം അതിശക്തമായി ഉയർത്തുന്നതിനുവേണ്ടിയുള്ള നിലപാടാണു സുരേന്ദ്രൻ നിരന്തരം ആവർത്തിക്കുന്നത്. അതു ചൂണ്ടിക്കാണിക്കുമ്പോൾ മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് അതിനെ മറികടക്കാനാണു സുരേന്ദ്രൻ ഉൾപ്പെടെ ശ്രമിക്കുന്നത്. തികഞ്ഞ വർഗീയ സമീപനം അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും നിറഞ്ഞുനിൽക്കുന്നുണ്ട്. ഉപയോഗിക്കുന്ന ഓരോ പദങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ ജീർണ്ണമായ വർഗീയതയുടെ അങ്ങേയറ്റം സുരേന്ദ്രന്റെ പ്രസ്താവനയിൽ കാണം. വർഗീയവാദി വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. അല്ലാതെ അവർ വിശ്വാസികളല്ല. വിശ്വാസികൾ സമൂഹത്തിന്റെ മുമ്പിലുണ്ട്. ആ വിശ്വാസികൾക്കൊപ്പമാണ് ഞങ്ങളെന്നും ഗോവിന്ദൻ പറഞ്ഞു.

Advertisement