ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു, നടക്കാൻ കഴിയാത്ത വയോധികന് എ ഐ ക്യാമറ നോട്ടീസ്

Advertisement

കോഴിക്കോട്. പണ്ടെന്നോ വിറ്റ് കണ്ടം ചെയ്ത ലൂണയുടെ പേരില്‍ ഇപ്പോള്‍ നടക്കാൻ കഴിയാത്ത നിലയിലുള്ള വയോധികന് എ ഐ ക്യാമറ നോട്ടീസ്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെന്നാണ് ആരോപണം.കാരപ്പറമ്പ് സ്വദേശി പി വി സതീശനാണ് പൊല്ലാപ്പ് പിടിച്ചിരിക്കുന്നത്. പരാതി ഉയർന്നതോടെ മോട്ടോർ വാഹന വകുപ്പ് യഥാർത്ഥ പ്രതിയെയും വാഹനവും കണ്ടെത്തി. എന്നാൽ പിഴ അടക്കേണ്ടതിൽ അവ്യക്തത ഇപ്പോഴും തുടരുകയാണ്.

താൻ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചെന്ന് കണ്ടെത്തിയ അധികൃതരോട് സതീശേട്ടന് ഇതാണ് പറയുവാനുള്ളത്. കാരണം നോട്ടീസിൽ പറയുന്ന KL 11 9497 എന്ന നമ്പറിലുള്ള ലൂണ ബൈക്ക് 2004 ൽ സുഹൃത്തിന് വിറ്റതാണ്. അന്ന് തന്നെ ആർ ടി ഒ ഓഫീസിലെത്തി വണ്ടിയുടമയുടെ പേരും മാറ്റി. കാലവധി കഴിഞ്ഞതോടെ 10 വർഷം മുമ്പ് രണ്ടാമത്തെ വാഹന ഉടമ പൊളിച്ച് വിൽക്കുകയും ചെയ്തു. എന്നിട്ടാണ് ഈ ഗതി വന്നത്.

2007 ൽ ജോലിയിൽ നിന്നും വിരമിച്ച വയോധികന് അന്ന് ജോലി ചെയ്ത അതേ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് വന്നത്. ചാത്തമംഗലത്തിന് സമീപം കട്ടാങ്ങലിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നതായാണ് AI ക്യാമറയിൽ ഉള്ളത്. സതീശൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നും 16 കിലോ മീറ്റർ അകലെയാണ് എ ഐ ക്യാമറ സ്ഥാപിച്ചിരിക്കുന്ന കട്ടാങ്ങൽ. അടുത്ത കാലത്തെങ്ങും ആ ഭാഗത്തെ പോയിട്ടില്ലെന്നാണ് ഈ വയോധികൻ പറയുന്നത്. ആർ ടി ഒ ഓഫീസിൽ പോകാനുള്ള ആരോഗ്യവസ്ഥ ഇല്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് പി വി സതീശൻ.

Advertisement