പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി , 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ

തിരുവനന്തപുരം. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.

മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. മലബാര്‍ മേഖലയിലെ സീറ്റുകളുടെ കണക്ക് എടുത്തുവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

സപ്ലിമെന്ററി അലോട്ട്‌മെന്റ്കള്‍ക്കും ശേഷവും നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ലഭിക്കാനുള്ളത്. മലബാര്‍ മേഖലയിലെ പ്രശ്‌നം ഏറെ സങ്കീര്‍ണമായി തുടരുകയാണ്. രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമാണ് സീറ്റ് ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനുളള നീക്കം തുടങ്ങിയത്. പ്രശ്‌നം പരിഹരിക്കാന്‍ 97 അധിക ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളില്‍ 5000 ത്തോളം സീറ്റുകള്‍ കൂടി ലഭിച്ചാല്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ പ്രതിസന്ധി പരിഹരിക്കാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. നാളെ വൈകിട്ട് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും. മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്യും.

Advertisement