മുതലപ്പൊഴി വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ലത്തീൻ സഭ

Advertisement

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ലത്തീൻ സഭ. ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വൈദികർക്കെതിരെ കേസെടുത്തത് തെറ്റായ നടപടിയെന്ന് ശശി തരൂർ എംപി വിമർശിച്ചു.p

മുതലപ്പൊഴി സംഘർഷത്തെ തുടർന്ന് ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധ യോഗങ്ങൾ ഇടവകകളിൽ നടന്നു. മുതലപ്പൊഴിയിൽ സാങ്കേതിക പഠനം നടത്തി അതിവേഗം പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു. ഫാദർ യൂജിൻ പെരേരയ്‌ക്കെതിരായ കേസിൽ സർക്കാരിനെ കുറ്റപ്പെടുത്തി ശശി തരൂർ എംപി രംഗത്തെത്തി.

ഫിഷറീസ് മന്ത്രി സജി ചെറിയാൻ മുതലപ്പൊഴി അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ ഇന്ന് സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പുലിമുട്ട് നിർമാണത്തിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്രസംഘം നാളെ മുതലപ്പൊഴിയിൽ എത്തും. ചൊവ്വാഴ്ച്ച അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement