17കാരന് ബൈക്ക് നൽകി; സഹോദരന് 34,000 രൂപ പിഴയും തടവും, 3 മാസത്തേക്ക് ലൈസൻസും ഇല്ല

കാക്കനാട് ∙ 17 വയസ്സുകാരനായ അനുജനു ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും വിധിച്ചു.

വാഹനത്തിന്റെ ആർസി ഉടമയായ യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്കു റദ്ദ് ചെയ്യും. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് സഹോദരന്റെ ബൈക്കുമായി പോകുകയായിരുന്ന പതിനേഴുകാരനെ ആലുവയിൽ പിടിച്ചത്. രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം കേസ് ജുവനൈൽ ബോർഡിനു കൈമാറി.

ബൈക്കിന്റെ ആർസി ഉടമയായ ജ്യേഷ്ഠന്, പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ബൈക്ക് ഓടിക്കാൻ നൽകിയതിന് 25,000 രൂപ, ലൈസൻസ് ഇല്ലാത്തയാൾക്കു ബൈക്ക് നൽകിയതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിന് 2,000 രൂപ, ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാതിരുന്നതിന് 500 രൂപ വീതം, സാരിഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിന് 1,000 രൂപ എന്നിവ ചേർത്താണ് 34,000 രൂപ പിഴ ചുമത്തിയത്. ബൈക്കിന്റെ ആർസി ഒരു വർഷത്തേക്കു റദ്ദാക്കും.

Advertisement