അബ്ദുള്‍ നാസര്‍ മദനി ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി

Advertisement

കൊച്ചി. പിതാവിനെ സന്ദര്‍ശിക്കാതെ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി. രാത്രി 9.30 ഓടെ കൊച്ചിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ അദ്ദേഹം ബാംഗ്ലൂരിലേക്ക് തിരിച്ചു. പിതാവിനെ കാണാതെയാണ് അദ്ദേഹത്തിന്റെ മടക്കം.

പിതാവിനെ സന്ദര്‍ശിക്കാനായി കോടതിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി ജൂണ്‍ മാസം 26നായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. ആദ്യം പിതാവിനെ കാണാന്‍ അന്‍വാര്‍ശേരിയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. കടുത്ത ഛര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലം അവശത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാല്‍ മദനിക് അന്‍വാര്‍ശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. അതുകൊണ്ട് തന്നെ പിതാവിനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം നടക്കാതെയാണ് അദ്ദേഹം ഇപ്പോള്‍ മദനി ബാംഗ്ലരിലേക്ക് തിരിക്കുന്നത്.

ഓരോ ദിവസം കഴിയുന്തോറും തന്റെ ആരോഗ്യ സ്ഥിത വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കൊച്ചിയിലെത്തിയ പിന്നാലെ മദനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ക്രിയാറ്റിന്‍ ഒന്‍പതായി. കിഡ്‌നിയുടെ അവസ്ഥയും വിഷമകരമാണ്. ഡയാലിസിലേക്ക് എത്തേണ്ട ഒരു അവസ്ഥയിലായിരിക്കുകയാണ്. തലച്ചോറിലെ രക്തപ്രവാഹം നില്‍ക്കുന്നത് കൊണ്ട് ഇടയ്ക്കിടക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ ഏത് സമയവും സ്‌ട്രോക്ക് വന്ന് വീണ് പോകാവുന്നൊരു അവസ്ഥയായി പോകുമെന്നാണ് പറയുന്നത്’, എന്നായിരുന്നു കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പി ഡി പി നേതൃത്വവും വ്യക്തമാക്കിയിരുന്നു. മദനിക്ക് സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും കാര്യമായ സഹായം കിട്ടുന്നില്ലെന്നും പി ഡി പി നേതൃത്വം ആരോപിച്ചിരുന്നു. അതേസമയം ജാമ്യ വ്യവസ്ഥയില്‍ വീണ്ടും ഇളവ് തേടി മദനി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരേയും കോടതി മദനിയുടെ ഹര്‍ജി പരിഗണിച്ചിട്ടില്ല. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് നേരത്തേ മദനി വിമര്‍ശനം ഉന്നയിച്ചിരുന്നു.

Advertisement