ഓപ്പറേഷൻ തിയറ്ററിൽ ഹിജാബിന് പകരം വസ്ത്രം: പ്രിൻസിപ്പലിന് കത്തയച്ച് 7 എംബിബിഎസ് വിദ്യാർഥികൾ

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബിന് പകരമായി നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹുഡും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് എംബിബിഎസ് വിദ്യാർഥികൾ പ്രിൻസിപ്പലിനു കത്തു നൽകി. കത്തു ലഭിച്ചതായി പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസ് സ്ഥിരീകരിച്ചു. വിഷയം ചർച്ച ചെയ്യാൻ സർജൻമാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം വിളിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. രോഗിയുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതനുസരിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു.

വിവിധ ബാച്ചുകളിലെ വിദ്യാർഥികളുടെ കത്ത് 26നാണ് പ്രിൻസിപ്പലിനു ലഭിച്ചത്. ഓപ്പറേഷൻ തിയറ്ററിൽ തല മറയ്ക്കാൻ അനുവദിക്കുന്നില്ലെന്ന് കത്തിൽ പറയുന്നു. ഹിജാബ് ധരിക്കേണ്ടത് മതപരമായി നിർബന്ധമുള്ള കാര്യമാണ്. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷൻ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രയാസം നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

ശസ്ത്രക്രിയ ചെയ്യുന്നവർ കൈമുട്ട് വരെയുള്ള ഭാഗം വൃത്തിയാക്കണമെന്നും ലോകം മുഴുവൻ പിന്തുടരുന്ന മാതൃക ഇതാണെന്നും പ്രിൻസിപ്പൽ വിദ്യാർഥികളെ അറിയിച്ചു. വസ്ത്രധാരണ വിഷയത്തിൽ തനിക്കു മാത്രമായി തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇരു ഭാഗത്തെയും വിശദീകരണങ്ങൾ കേട്ടശേഷം തീരുമാനമെടുക്കും. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നും അനുവദിക്കാനാകില്ലെന്നും പ്രിൻസിപ്പൽ വിദ്യാർഥികളെ അറിയിച്ചു. .

Advertisement