ഫാമിൽ വളർത്തുന്ന നൂറിലേറെ കോഴികളെ തെരുവ് നായകൾ കൊന്നു

കോഴിക്കോട്. ഫാമിൽ വളർത്തുന്ന നൂറിലേറെ കോഴികളെ തെരുവ് നായകൾ കൊന്നു. ചാത്തമംഗലം സ്വദേശി രാവുണ്ണിയുടെ നഴ്സറിയിലെ കോഴികളെയാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാലുമാസം പ്രായമായ കോഴി ക്കുഞ്ഞുങ്ങളായിരുന്നു ഫാമിൽ ഉണ്ടായിരുന്നത്.


ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട് രാവുണ്ണി 40 വർഷമായി നടത്തിവരുന്ന ഫാമിലെ
നൂറിലേറെ കോഴികളെയാണ് തെരുവു നായകൾ കൊന്നത് . ഇന്നലെ പുലർച്ചെ നാലുമണിയോടുകൂടിയായിരുന്നു സംഭവം. നിരവധി കോഴിക്കുഞ്ഞുങ്ങൾ പരിക്കേറ്റ് അവശനിലയിലാണ് .
ഇരുമ്പ് നെറ്റ് കൊണ്ടുള്ള അടച്ചുറപ്പുള്ള ഫാമിലാണ് തെരുവുനായ്ക്കൾ കയറി അക്രമം നടത്തിയത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഫാം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നും രാവുണ്ണി പറയുന്നു.

ഒരുമാസം മുമ്പ് പ്രദേശത്ത് വളർത്ത് മൃഗങ്ങളെയും തെരുവ് നായകൾ ആക്രമിച്ച് കൊന്നിരുന്നു. 25ലേറെ തെരുവ് നായ്ക്കളാണ് പ്രദേശത്ത് കൂട്ടമായി നടക്കുന്നത്. സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement