മോൻസൻ മാവുങ്കൽ പുരാവസ്തു -സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് ഉന്നതരെക്കൂടി പ്രതിചേര്‍ത്ത് കേസ് ബലപ്പിച്ചു

കൊച്ചി. മോൻസൻ മാവുങ്കലിൽ പുരാവസ്തു -സാമ്പത്തിക തട്ടിപ്പു കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ജി ലക്ഷ്മണൻ എന്നീ ഉന്നതരെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. മോൻസൻ്റ സാമ്പത്തിക തട്ടിപ്പുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അതേ സമയം ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ കെ സുധാകരന്‍ അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിൽ കെ പി സി സി പ്രസിഡൻറ് കെ സുധാകരനെ രണ്ടാം പ്രതിയാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപ്രതീക്ഷിത നീക്കം. കേസില്‍ സുധാകരനെ മാത്രം പ്രതിയാക്കിയതില്‍ രാഷ്ട്രീയ നീക്കം ആരോപിക്കപ്പെട്ടിരുന്നു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യക്കേസ് എത്തുമ്പോള്‍ ഈ പ്രശ്നം ഉയരുമെന്നുറപ്പാണ്. അതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

കേസിൽ നിരവധി തവണ പരാതിക്കാർ ആരോപണം ഉന്നയിച്ച മുൻ ഡിഐജി എസ് സുരേന്ദ്രനെ മൂന്നാം പ്രതിയാക്കിയും നിലവിൽ ഐ ജിയായ ജി ലക്ഷ്മണനെ നാലാം പ്രതിയാക്കിയുമാണ് എ സിജെഎം കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. ഇരുവർക്കും മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.ഇതിനായി നിരവധി രേഖകൾ പരിശോധിച്ചെന്നും മോൻസൻ്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റുകളും ഇരുവർക്കുമെതിരായ തെളിവാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തലുണ്ട്. ഇരുവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് തന്നെ നോട്ടീസ് കൈമാറും.

അതേ സമയം ഇന്ന് കോടതിയിൽ ഹാജരായി മടങ്ങവേ കെ പി സി സി അധ്യക്ഷന് കേസിൽ പങ്കൊന്നുമില്ലെന്ന് മോൻസൻ മാവുങ്കൽ പ്രതികരിച്ചു. മോൻസൻ ഇ ഡിക്ക് തൻ്റെ ഡയറി അടക്കമുള്ള കേസുകൾ കൈമാറിയിട്ടുണ്ടെന്നും ഇതിൽ ചില നിർണായക വിവരങ്ങൾ ഉണ്ടെന്നും മോൻസൻ്റെ അഭിഭാഷകൻ പറഞ്ഞു

താൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അടുത്ത നീക്കം ആരംഭിച്ചിട്ടുണ്ട് .സുധാകരൻ അപേക്ഷ നൽകിയാൽ മാത്രം അടുത്ത ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റിവെയ്ക്കാമെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. അല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കാൻ ക്രൈം ബ്രാഞ്ചിന് പൊലീസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement