‘വിദ്യയുടേത് വ്യാജ സർട്ടിഫിക്കറ്റ്, തെളിഞ്ഞു’: മഹാരാജാസിൽ തെളിവെടുപ്പ്, പ്രതി ഒളിവിൽ

Advertisement

കൊച്ചി: എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ‌യ്‌ക്കെതിരായ വ്യാജരേഖക്കേസിൽ മഹാരാജാസ് കോളജിൽ തെളിവെടുപ്പ്. അട്ടപ്പാടി അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളജിൽ പരിശോധന നടത്തി. വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യയ്ക്കായി അന്വേഷണം തുടരുന്നുവെന്നും ഡിവൈഎസ്പി എൻ.മുരളീധരൻ പറഞ്ഞു.

അന്വേഷണസംഘം ചോദിച്ച രേഖകളെല്ലാം നൽകിയെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശ‍ർമിള വ്യക്തമാക്കി. വിദ്യയ്‍ക്കെതിരായ വ്യാജരേഖ കേസ്, പിഎച്ച്ഡി പ്രവേശനത്തിലെ ക്രമക്കേടുകൾ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നത്. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി വൈസ് ചാൻസലർ ഉത്തരവിറക്കിയിരുന്നു. സംവരണം അട്ടിമറിച്ചാണ് വിദ്യയുടെ പിഎച്ച്ഡി പ്രവേശനം എന്നതിന്റെ കൂടുതൽ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷണം പൂർത്തിയാക്കുന്നതിനാണ് നിർദശം.

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ അധ്യാപന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തയാറാക്കിയതിന് പ്രതിസ്ഥാനത്തുള്ള വിദ്യ ഇപ്പോഴും അദൃശ്യയായി തുടരുന്നുവെന്നാണ് അഗളി പൊലീസ് പറയുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വൈകാതെ വിദ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടിസ് കൈമാറും. മഹാരാജാസ് കോളജിന്റെ പേരിൽ വിദ്യ സമർപ്പിച്ച അധ്യാപന പ്രവൃത്തിപരിചയ സാക്ഷ്യപത്രം വ്യാജമെന്ന പരാതിയിൽ കൂടുതലാളുകളിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തും.

മഹാരാജാസ്, അട്ടപ്പാടി കോളജുകളിലെ പ്രിൻസിപ്പൽമാർക്കൊപ്പം അട്ടപ്പാടിയിൽ വിദ്യ അഭിമുഖത്തിനെത്തിയപ്പോൾ അധ്യാപക പാനലിലുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്ന സാഹചര്യത്തിൽ ബോധപൂർവം പൊലീസ് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.

Advertisement