ഫേസ്ബുക്കിൽ പരിചയം, ചാറ്റിങ്, വീഡിയോ കോൾ; മഠാധിപതിക്ക് നഷ്ടമായത്ഒന്നും രണ്ടുമല്ല 47 ലക്ഷം !

ബെംഗളൂരു: ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതി 47 ലക്ഷം രൂപ തട്ടിയെടുത്തതായി മഠാധിപതിയുടെ പരാതി. കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് ദാബാസ്പേട്ട് പൊലീസിൽ പരാതി നൽകിയത്.

ഇദ്ദേഹം നൽകിയ പരാതിയിലെ എഫ്‌ഐആർ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏപ്രിൽ 30-ന് ചെന്നവീര ശിവാചാര്യ സ്വാമി ദാബാസ്പേട്ട് പൊലീസിൽ നൽകിയ പരാതി പ്രകാരം, 2020 ൽ വർഷ എന്ന യുവതിയെ ഫേസ്ബുക്കിൽ പരിചയപ്പെട്ടു. തുടർന്ന് ഇരുവരും പരസ്പരം ഫോൺ നമ്പറുകൾ കൈമാറി.

താൻ മംഗളൂരു സ്വദേശിനിയാണെന്നും ബംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റിന് പഠിക്കുകയാണെന്നും ആയിരുന്നു വർഷ അവകാശപ്പെട്ടത്. താൻ ഒരു അനാഥയാണെന്നും തനിക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യമുണ്ടെന്നും അവർ പറഞ്ഞു. മഠാധിപതിയും വർഷയും ഇടയ്ക്കിടെ സംസാരിക്കുമായിരുന്നു. ഇടയ്ക്കിടെ വീഡിയോ കോളുകൾ ചെയ്തു. എന്നാൽ അവൾ ഒരിക്കലും മുഖം കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പരാതിയിൽ പറയുന്നുണ്ട്. ബന്ധം വളർന്നതിന് പിന്നാലെ വർഷ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം നൽകാൻ അഭ്യർത്ഥിച്ചു. പണം തന്റെ സുഹൃത്ത് മഞ്ജുളയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനായിരുന്നു പറഞ്ഞത്. തന്റെ പിതാവ് തനിക്ക് മാത്രമായ പത്ത് ഏക്കർ ഭൂമി നൽകിയിട്ടുണ്ടെന്നും ഇത് കുറഞ്ഞ വിലയ്ക്ക് മഠത്തിന് വിൽക്കാൻ ഉദ്ദേശിക്കുന്നതായും വർഷ സ്വാമിയെ വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് മഞ്ജുളയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ നിക്ഷേപിച്ചതായി സ്വാമി പരാതിയിൽ പറയുന്നു.

അതിനിടെ 2022 ഒക്ടോബറിൽ, വർഷ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ മഞ്ജുള സ്വാമിയെ ബന്ധപ്പെടുകയും വർഷയ്ക്ക് അപകടം പറ്റിയതായി അറിയിക്കുകയും ചെയ്തു. പിതാവ് നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി ഉണ്ടായ തർക്കത്തിനിടെ വർഷയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു മഞ്ജുള സ്വാമിയോട് പറഞ്ഞത്. ചികിത്സ നടത്താൻ 37 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതും സ്വാമി അയച്ചുനൽകി. ഇതിനെല്ലാം ഒടുവിലാണ് സ്വാമിക്ക് ചില സംശയങ്ങളുണ്ടാകുന്നത്. തുടർന്ന് വർഷയെ പ്രവേശിപ്പിച്ചതായി പറയുന്ന മത്തികെരെയിലെ ആശുപത്രിയിലേക്ക് ആളെ വിട്ട് അന്വേഷണം നടത്തി. ആശുപത്രിയിൽ വർഷ എന്ന് പേരുള്ള ഒരു രോഗിയും ഇല്ലെന്ന് അവർ കണ്ടെത്തിയതോടെ ആണ് ചതി തിരിച്ചറിയുന്നത്. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ സ്വാമി മഞ്ജുളയെ വിളിച്ച് പണം ആവശ്യപ്പെടുകയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ വർഷയുടെ ആശുപത്രിയിലെ ബില്ലടയ്ക്കാൻ 55 ലക്ഷം കടം വാങ്ങിയെന്നും അത് കൂടി സ്വാമി നൽകണമെന്നായിരുന്നു മഞ്ജുള പറഞ്ഞത്. അല്ലെങ്കിൽ മഠാധിപതിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ 2023 ഏപ്രിൽ 23ന് വൈകുന്നേരം ആറ് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം മഠത്തിലെത്തി അതിക്രമം കാണിച്ചു. മഞ്ജുള, ആവനിക, കാവേരി, രശ്മി, മീനാക്ഷി, പ്രേമ, പ്രദീപ് നായക് എന്നിവർ മഠത്തിലെത്തി നേരത്തെ കടം വാങ്ങിയതായി അവകാശപ്പെട്ട 55 ലക്ഷം നൽകാൻ ആവശ്യപ്പെട്ടു.

സ്വാമിയെ അസഭ്യം പറയുകയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വാമിയെക്കൊണ്ട് മാപ്പ് പറയുന്ന വീഡിയോ റെക്കോർഡ് ചെയ്യിക്കുകയും, പരാതിപ്പെട്ടാൽ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോകുന്നതിന് മുമ്പ് സ്വാമിയുടെ കയ്യിലുണ്ടാിയരുന്ന 50,000 രൂപ ബലമായി കൈക്കലാക്കുകയും ചെയ്തുവെന്ന് മഠാധിപതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement