കിൻഫ്ര ഗോഡൗണിലെ തീപിടിത്തം: നശിച്ചത് കാലാവധി കഴിഞ്ഞ 64 ലക്ഷത്തിലധികം ഗുളികകൾ

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കിൻഫ്രയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ നശിച്ചതു കാലപ്പഴക്കം ചെന്ന 64 ലക്ഷത്തിലധികം ഗുളികകൾ. ആന്റിബയോട്ടിക്കുകളും സൈക്ക്യാട്രിക് ഗുളികകളുമാണ് കത്തിയത്.

2014ൽ കാലാവധി കഴിഞ്ഞ ഗുളികകളാണു ഗോഡൗണിൽ കൂട്ടിയിട്ടിരുന്നത്. ഗുളികകൾ വാങ്ങിയതിനുശേഷം ഉപയോഗിക്കാതെ ഇരുന്നതിനും കാലാവധി കഴിഞ്ഞു വർഷങ്ങളായിട്ടും നശിപ്പിക്കാത്തതിനും അധികൃതർക്കു വ്യക്തമായ മറുപടിയില്ല.

തീപിടിത്തത്തിൽ 1.19 കോടിയുടെ നഷ്ടമുണ്ടായി. 33,525 കിലോ ബ്ലീച്ചിങ് പൗഡറാണു ഗോഡൗണിലുണ്ടായിരുന്നത്. 15.5 ലക്ഷം രൂപയാണ് ഇതിന്റെ വില. കലാമിൻ ലോഷന്റെ 26,751 ബോട്ടിലുകൾ (50 എംഎൽ) കത്തി നശിച്ചു. സർജിക്കൽ സ്പിരിറ്റിന്റെ 36,295 കുപ്പികളും (500 എംഎൽ), വാഷിങ് സോഡയുടെ 9402 കിലോ പാക്കറ്റും കത്തിനശിച്ചു. സർജിക്കൽ സ്പിരിറ്റിന്റെ വില 24.79 ലക്ഷം രൂപയാണ്. ആശുപത്രിയിൽ ഉപയോഗിക്കുന്ന 17 ഇനം രാസവസ്തുക്കളാണു കത്തിനശിച്ചത്. ഇതിനു പുറമേയാണ് കാലപ്പഴക്കം ചെന്ന ഗുളികകളും കത്തിയത്.

കൃത്യമായ ആസൂത്രണമില്ലാതെ മരുന്നുകൾ വാങ്ങിയതാണു കാലാവധി കഴിഞ്ഞു നശിക്കാൻ കാരണം. സോഫ്റ്റ്‌വെയർ സൗകര്യം വരുന്നതിനു മുൻപ് ആവശ്യമായ മരുന്നുകളും അളവും എഴുതി നൽകുകയായിരുന്നു ആശുപത്രികളിലെ പതിവ്. മെഡിക്കൽ സർവീസസ് കോർപറേഷൻ വിവിധ കമ്പനികളിൽനിന്നു വാങ്ങി നൽകും. ആശുപത്രികൾ ഗുളികകളുടെ എണ്ണം എഴുതിയപ്പോൾ ഉണ്ടായ പിഴവാണു കൂടുതൽ ഗുളികകൾ വാങ്ങാൻ കാരണമെന്നാണു കോർപറേഷനിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഗുളികകൾ വിതരണം ചെയ്യാതെ കിടന്നപ്പോഴും പുതിയ ഗുളികകൾ വീണ്ടും വാങ്ങിക്കൂട്ടി.

കോർപറേഷന്റെ മിക്ക ഗോഡൗണുകളിലും കാലാവധി കഴിഞ്ഞ മരുന്നുകൾ നശിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ട്. മേനംകുളം കിൻഫ്ര പാർക്കിലെ ഗോഡൗണിൽ ആശുപത്രിയിലേക്ക് ആവശ്യമായ രാസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണു കാലാവധി കഴിഞ്ഞു ഉപയോഗ ശൂന്യമായ മരുന്നുകളും സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ ഗോഡൗണിനു പുറമേ കൊല്ലത്തെയും ആലപ്പുഴയിലെയും ഗോഡൗണുകൾക്കു തീപിടിച്ചിരുന്നു.

ബ്ലീച്ചിങ് പൗഡർ പുകഞ്ഞാണു തിരുവനന്തപുരത്തെ ഗോഡൗൺ തീപിടിച്ചതെന്നാണ് അധികൃതരുടെ വാദം. വലിയ സ്ഫോടനത്തോടെയാണു തീപിടിച്ചതെന്നു മൊഴികളുണ്ട്. ബ്ലീച്ചിങ് പൗഡർ പുകഞ്ഞാൽ സ്ഫോടനം ഉണ്ടാകുമോയെന്ന ചോദ്യവും ഉയർന്നിരുന്നു. ഫൊറൻസിക് പരിശോധനാഫലം പുറത്തുവന്നിട്ടില്ല. ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണു ഗോഡൗണുകൾക്കു തീപിടിച്ചത്. കൊല്ലത്തെ ഗോഡൗണിലെ തീപിടിത്തത്തിൽ നശിച്ച മരുന്നുകളുടെ കണക്ക് പുറത്തുവന്നിട്ടില്ല.

Advertisement