സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങല്‍, നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി, ഇനി ഇങ്ങനെ വേണം

തിരുവനന്തപുരം.പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വാങ്ങുന്ന സ്ഥലത്തിന്റേയും വാഹനത്തിന്റേയും പൂര്‍ണ വിവരങ്ങളും ഇതിന്റെ ധനസ്രോതസും സര്‍ക്കാരിന് സമര്‍പ്പിക്കണം

പാലക്കയം വില്ലേജ് അസിസ്റ്റന്റ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കേസിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങുന്നതിന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജീവനക്കാരന്റെ ശമ്പളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണം. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂര്‍ണ വിവരവും ഇതിന്റെ രേഖകളും ഹാജരാക്കണം. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ ധനസ്രോതസിന്റെ രേഖ ജീവനക്കാര്‍ നല്‍കണം . ഏതെങ്കിലും തരത്തിലുള്ള വ്യക്തിഗത നിക്ഷേപമാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ പാസ് ബുക്ക്ഹാജരാക്കണം. വായ്പയെടുത്താണ് വാങ്ങുന്നതെങ്കില്‍ വായ്പ അനുവദിച്ച ധനകാര്യ സ്ഥാപനത്തിന്റെ അനുമതി പത്രം വേണം. സ്വര്‍ണം പണയം വച്ചാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ കത്തും രേഖകളും നല്‍കണം. വാഹനം വാങ്ങുമ്പോള്‍ വില വ്യക്തമാക്കുന്ന ഡീലറുടെ ഇന്‍വോയ്സ് ഹാജരാക്കണം .പഴയ വാഹനം വിറ്റതാണെങ്കില്‍ അതിന്റെ വില ഉള്‍പ്പെടെയുള്ള രേഖകളും നല്‍കണം.
മറ്റേതെങ്കിലും ധനസ്രോതസ് ഉപയോഗിച്ചാണെങ്കില്‍ അതിന്റെ രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement