അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായത് വലിയവീഴ്ച

Advertisement

തിരുവനന്തപുരം: അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് നിഷ ബാലകൃഷ്ണന്‍ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായത് വലിയവീഴ്ച എന്ന് കണ്ടെത്തല്‍.

വ്യക്തമായ കാരണവും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥഭരണ പരിഷ്‌കാരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണനാണ് നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ജോലി നഷ്ടപ്പെട്ടത്.

2018 മാര്‍ച്ച് 28ന് റിപ്പോര്‍ട്ട് ചെയ്ത എന്‍.ജെ.ഡി ഒഴിവ് മൂന്ന് ദിവസമുണ്ടായിരുന്നിട്ടും 2018 മാര്‍ച്ച് 31ന് രാത്രി 12 മണിക്ക് മുമ്ബായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. അര്‍ധരാത്രി 12 മണി കഴിഞ്ഞ് നാല് സെക്കന്‍ഡ് ആയപ്പോഴാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള മെയില്‍ പി.എസ്.സിക്ക് ലഭിക്കുന്നത്.

2015ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ 696ാം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് നിഷയുള്‍പ്പടെയുള്ള റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യിച്ചു.

2018 മാര്‍ച്ച് 31 നായിരുന്നു ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. അതിന് മൂന്ന് ദിവസം മുമ്‌ബെ അതായത്, മാര്‍ച്ച് 28ന്, കൊച്ചി കോര്‍പറേഷനിലുണ്ടായ ഒഴിവും ഇവര്‍ തന്നെയാണ് നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 29നും 30നും അവധി ദിവസങ്ങളായിരുന്നു. 31 ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ ഉദ്യോഗസ്ഥന്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല. പകരം രാത്രി 12 മണിക്ക് ശേഷം മെയില്‍ അയക്കുകയായിരുന്നു. അര്‍ധരാത്രി ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ നിഷയുടെ ജോലി സ്വപ്നം തകര്‍ന്നു. പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിക്ക് ജോലിയും കിട്ടി. 35 വയസ്സ് കഴിഞ്ഞതിനാല്‍ ഇനി പി.എസ്.സി പരീക്ഷ എഴുതാനും നിഷക്ക് കഴിയില്ല.

മൂന്ന് ദിവസം ഉണ്ടായിരുന്നിട്ടും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനുള്ള കാരണം അടക്കം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്താനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്

Advertisement