കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി; അസാധാരണ ഉത്തരവിറക്കി സിഎംഡി

തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നൽകുമെന്ന് അസാധാരണ ഉത്തരവിറക്കി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. കെഎസ്ആർടിസിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് പുതിയ ഉത്തരവ്. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25 മുൻപ് അപേക്ഷ നൽകണം. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപായി നൽകും. അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കും.

കെഎസ്ആർടിസിയിൽ ജനുവരി മാസത്തെ ശമ്പളവിതരണം പൂർത്തിയായെങ്കിലും അടുത്ത ശമ്പളത്തിനു പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്മെന്റും അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന വരുമാനലക്ഷ്യ (ടാർഗറ്റ്) പദ്ധതിയാണു ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകർ മുന്നോട്ടുവച്ചത്.

ഡിപ്പോകൾ ചെലവിനെക്കാൾ വരുമാനം ഉണ്ടാക്കിയാൽ മാത്രമേ പൂർണശമ്പളം അഞ്ചിനു മുൻപു നൽകാനാകു. ടാർഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവർക്കും പൂർണ ശമ്പളം കിട്ടും. പക്ഷേ അഞ്ചിനു മുൻപു ലഭിക്കില്ലെന്നതാണു മാനേജ്മെന്റ് മുന്നോട്ടുവച്ച നിർദേശം. സർക്കാർ പണം കൈമാറുന്ന മുറയ്ക്കു പൂർണ ശമ്പളം ലഭ്യമാക്കും. 5ന് മുൻപ് 50 കോടി കൈമാറുമെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകിയ ധനവകുപ്പ് 10നു ശേഷമാണ് എല്ലാമാസവും ഇപ്പോൾ പണം കൈമാറുന്നത്. ഇതാണു ശമ്പളം വൈകാനും കാരണമെന്നും യോഗത്തിൽ അറിയിച്ചു. ചർച്ചയ്ക്ക് പിന്നാലെയാണ് ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി അറിയിച്ചത്.

Advertisement