‘മദ്യപിച്ച് വാഹനം ഓടിക്കില്ല’: ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ; ചിത്രം വൈറൽ

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനം ഓടിച്ച 16 ബസ് ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ നൽകി പൊലീസ്. ‘ഇനിമേലിൽ ഞാൻ മദ്യപിച്ച് വാഹനം ഓടിക്കില്ല’ എന്ന് എഴുതിവച്ച ശേഷമാണ് ഡ്രൈവർമാരെ ജാമ്യത്തിൽവിട്ടത്. ഡ്രൈവർമാർ തറയിൽ കുത്തിയിരുന്ന് ഇംപോസിഷൻ എഴുതുന്ന ചിത്രം പുറത്തുവന്നു.

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിമുതൽ ഒൻപത് വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 2 കെഎസ്ആർടിസി ഡ്രൈവർമാർ, 10 സ്വകാര്യബസ് ഡ്രൈവർമാർ, 4 സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവർ പിടിയിലായത്. ഈ ബസുകളിൽ യാത്ര ചെയ്തവരെ പൊലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിലെത്തിച്ചു. സ്കൂൾ കുട്ടികളെ മഫ്തി പൊലീസുകാർ അതത് സ്കൂളിലും എത്തിച്ചിരുന്നു.

കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് നൽകി അധികാരികൾക്ക് അയയ്‍ക്കും. കൂടാതെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനും വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ വി.ഗോപകുമാർ അറിയിച്ചു.

Advertisement