വ്ലോഗർ നാജി നൗഷി സ്വയം വണ്ടിയോടിച്ച് ലോകകപ്പ് ആവേശത്തിലേക്ക്

Advertisement

ദോഹ/കോഴിക്കോട്∙ അഞ്ചു മക്കളുടെ ഉമ്മയാണു നാജി നൗഷി. മക്കളെയെല്ലാം ഉമ്മയെ ഏൽപിച്ച് മാഹി സ്വദേശിനിയായ നാജി നൗഷി(34) യാത്രയ്ക്കൊരുങ്ങുകയാണ്. കണ്ണൂരിൽ നിന്നു ഖത്തറിലേക്ക്. ലോകകപ്പ് ആവേശം ലോകമെങ്ങും പടരുമ്പോൾ അതിൽ പങ്കെടുക്കാനാണു നാജി നൗഷി ഖത്തറിലെത്തുന്നത്.

അതും സ്വന്തമായി വണ്ടിയോടിച്ച്, വണ്ടിക്കുള്ളിൽ ഭക്ഷണവും താമസവും ഒക്കെയായി ഒരു സോളോ ട്രിപ്പ്. നാജിയുടെ ജീപ്പിനുമുണ്ട് വ്യത്യസ്തമായൊരു പേര്– ‘ഓള്’. ലോകകപ്പ് ഫൈനൽ ആവേശത്തിലേക്ക് എത്തുമ്പോൾ ഡിസംബർ 10ന് ഖത്തറിലെത്തുന്ന വിധത്തിലാണു യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. വ്ലോഗറും ട്രാവലറുമായ നാജി നൗഷിയുടെ ആദ്യ യാത്രയല്ല ഇത്, പക്ഷേ ഇത്രയും ദൂരം ഇതാദ്യമാണ്.

നേരത്തേ, സമുദ്രനിരപ്പിനെക്കാൾ താഴെയുള്ള കുട്ടനാട്ടിൽ നിന്ന് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപ് വരെ സഞ്ചരിച്ചു. വിവാഹവും അഞ്ച് മക്കളുടെ പ്രസവവും വളർത്തലും ഒക്കെയായി വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന നാജി അടുത്തകാലത്താണ് തനിച്ചുള്ള യാത്രകൾ ആരംഭിച്ചത്. ഏറെ നാളായി ഒമാനിലാണ് കുടുംബം താമസം. യാത്ര കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജു കണ്ണൂരിൽ നിന്നു ഫ്ലാഗ് ഓഫ് ചെയ്തു. നേരെ മുംബൈയിലേക്ക്.

അവിടെ നിന്ന് ജീപ്പ് കപ്പലിലേറ്റി ഒമാനിലെത്തിക്കും. അവിടെ നിന്നു റോഡ് മാർഗം യുഎഇ, ബഹ്റൈൻ, കുവൈത്ത്, സൗദി വഴി ഖത്തറിലേക്ക്. നേപ്പാളും ലക്ഷദ്വീപും ഇന്ത്യ മുഴുവനുമൊക്കെ കറങ്ങിയിട്ടുണ്ടെങ്കിലും തനിയെ വണ്ടിയോടിച്ച് ഗൾഫ് രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നത് ഇതാദ്യമാണ്. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് നാജിയുടെ ഇന്ധനം.

നാജിയുടെ സാഹസിക യാത്രകൾക്ക് കട്ട സപ്പോർട്ട് നൽകുന്ന ഭർത്താവ് നൗഷാദും ഏറെ നാൾ നീണ്ടുനിൽക്കുന്ന നാജിയുടെ യാത്രാവേളയിൽ മക്കളെ പരിപാലിച്ച് ഉമ്മയ്ക്കൊപ്പം നിൽക്കുന്നു. ‘ഓള് കണ്ട ഇന്ത്യ, ഓളെ കണ്ട ഇന്ത്യ’ എന്ന പേരിൽ നാജി പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

Advertisement