കാപികോ റിസോർട്ട് പൊളിക്കൽ തുടങ്ങി, മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

ആലപ്പുഴ : തീരദേശ പരിപാലന ചട്ടം ല0ഘിച്ച് പണിത    ആലപ്പുഴ നെടിയൻത്തുരുത്തിലെ 
കാപികോ റിസോർട്ട് പൊളിക്കൽ ആരംഭിച്ചു. റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായി.റിസോർട്ട് ജീവനക്കാരാണ് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചത്. കഴി‌ഞ്ഞ ദിവസമാണ് സർക്കാർ റിസോർട്ടും ഭൂമിയും ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ റിസോർട്ട് പൊളിക്കൽ ആരംഭിച്ചത്.
പാണാവള്ളി നെടിയതുരുത്തിലെ 35,900 ചതുരശ്രയടി കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്. വേമ്പനാട് കായലിലെ തുരുത്തിൽ സ്ഥിതിചെയ്യുന്ന റിസോർട്ട് തീരപരിപാലന നിയമം ലംഘിച്ചതിന് പൊളിച്ചുമാറ്റാൻ 2020ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികൾ.
കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷൻ പ്ലാൻ റിസോർട്ട് അധികൃതർ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാൻ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് കടക്കുന്നത്. 
മിനി മുത്തൂറ്റ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലാണ് 2011 ൽ കാപ്പിക്കോ റിസോർട്ട് പണിതത്. റിസോർട്ടിൻറെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ കെട്ടിടത്തിൽ നിന്നും മാറ്റിയ ശേഷമാകും റിസോർട്ട് പഞ്ചായത്തിൻറെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുക

Advertisement