നൂറിലധികം ഗുളികകളുമായി യുവാവ് ‍ പിടിയിൽ, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വാങ്ങിയത് ഒന്നര ലക്ഷം രൂപയുടെ ഗുളികകൾ

ബേക്കൽ: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൊണ്ട് വന്ന നൂറിലധികം ഗുളികകളുമായി യുവാവ് പിടിയിൽ. കീഴൂർ കെ.എ.

മാഹിൻ അസ്ഹൽ (24)നെയാണ് ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പാലക്കുന്നിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.

ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുളികകൾ പിടികൂടിയത്. ഇതിന് 3000 രൂപ വില വരും. ജില്ലയിൽ കൊറിയർ സർവീസ് വഴി ധാരാളം നിരോധിത ഉൽപന്നങ്ങൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് കുറച്ചു ദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവിൽ പിടിച്ചെടുത്തിട്ടുള്ള ഗുളികകൾ ന്യൂറോ സംബന്ധമായ അസുഖത്തിന് ഉപയോഗിക്കുന്നവയാണെങ്കിലും ഉത്തേജകമായും ഉപയോഗിക്കുന്നുണ്ടയെന്ന് വ്യക്തമാകുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 37 തവണകളായി ഒന്നര ലക്ഷം രൂപയുടെ ഗുളികകളാണ് ഇതുപോലെ ഓൺലൈൻ വഴി മാഹിൻ അസ്ഹൽ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ഇത് സ്‌കൂൾ കുട്ടികൾക്കും മറ്റും നൽകുന്നുണ്ടോയെന്ന് അന്വേഷിച്ചു വരുന്നുണ്ട്. കേസ് ഡ്രഗ്‌സ് കണ്ട്രോൾ ഡിപ്പാർട്‌മെന്റിന് കൈമാറി. ബേക്കൽ എസ്‌ഐ എം.രജനീഷ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുധീർ ബാബു, സനീഷ് കുമാർ,സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മാരായ എം.വി.പ്രവീൺ, വിനയകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisement