ഗവർണർ പദവി പാഴാണെന്ന വിമർശനവുമായി സി പി ഐ മുഖപത്രം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി പി ഐ മുഖപത്രം ജനയുഗം. ഗവർണർ പദവി പാഴാണെന്നും ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

കേരളത്തിൽ ബി ജെ പി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ ആരിഫ് മുഹമ്മദ് ഖാൻ നികത്തുകയാണെന്നും, ഇതിനായി രാജ്ഭവനെയും ഗവർണർ പദവിയേയും ഉപയോഗിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

‘ഒപ്പിടാത്തതിനാൽ പതിനൊന്ന് ഓർഡിനൻസുകളാണ് കഴിഞ്ഞ ദിവസം അസാധുവായത്. കണ്ണുംപൂട്ടി ഒപ്പിടില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അവിടെയാണ് ഗവർണർ രാഷ്ട്രീയക്കളി കളിക്കുന്നുവെന്ന സംശയം ബലപ്പെടുന്നത്. കാരണം ഓർഡിനൻസുകളിൽ ഭൂരിഭാഗവും നേരത്തെ ഗവർണർ അംഗീകരിച്ചതാണ്.’- എന്നും ലേഖനത്തിൽ പറയുന്നു.

ഒപ്പിടേണ്ട സമയത്ത് അത് ചെയ്യാതെ നികൃഷ്ഠമാർഗമാണ് സ്വീകരിച്ചത്. ഇതിൽ നിന്നും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് പകൽ പോലെ വ്യക്തമാണെന്നും സി പി ഐ വിമർശിക്കുന്നു.

Advertisement