എൻ്റെ ചോരയിൽ ചവുട്ടി നിന്നയാൾ നല്ല തണ്ണിയാണ്. കാർ ഓടിച്ചവൻ ആലപ്പുഴ കളക്ടറും കൂടെയിരുന്ന സ്ത്രീ എറണാകുളം കളക്ടറും’ ; വൈറലായി കുറിപ്പ്

മാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സമൂഹത്തി​ന്റെ നാനാ തുറകളിൽനിന്നും വ്യാപക പ്രതികരണമാണ് വിഷയത്തിൽ ഉണ്ടാകുന്നത്. കോൺഗ്രസ് ഇന്ന് ആലപ്പുഴ കലക്ട്രേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ വിഷ്വൽ എഡിറ്ററായി ജോലി നോക്കുന്ന പ്രശാന്ത് ഗീതാ അപ്പുൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പ്രശാന്തിന്റെ കുറിപ്പ് ഇവിടെ വായിക്കാം:
“ഈ രാത്രി പാതിരാത്രി നിങ്ങളെന്ത് ചർച്ച കണ്ടോണ്ടിരിക്കുവാ”

ഭാര്യ ഇന്നലെ കയർത്തു

അവളോട് ചുമ്മ ചോദിച്ചു.

“നിത്യ നിനക്ക് ഓർമ്മയുണ്ടോ ഞാൻ എറ്റവും വൈകി വന്ന ദിവസം അന്നെത്ര മണിയായി കാണും”

“ഒരു 12-1 മണിക്ക് അപ്പുറം വൈകിയാൽ നിങ്ങൾ വരാറില്ലലോ , അപ്പോ ഒരു മണിയായിരിക്കും”

അവള് തീരെ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു

“ഞാൻ വരുന്ന വഴി നിനക്ക് അറിയാമലോ കാക്കനാട്ട് – സീ പോർട്ട് എയർപോർട്ട് റോഡ് ഇപ്പോ മെട്രോടെ പണി നടക്കുവാണ്. നീ ചുമ്മ ആലോചിച്ചേ, ആ കാക്കനാട് സിവിൽ സ്റ്റേഷന്റെ അടുത്തുള്ള ഏതേലും മതിലിൽ എ​ന്റെ ബൈക്ക് ഒരു കാറ് പുറകെന്ന് ഇടിച്ച് മതിൽ തിങ്ങി കുത്തനെ നിൽക്കുന്നു. ഞാൻ എവിടെയോ കിടപ്പുണ്ട്, കൈയും കാലും ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ട്.

വണ്ടിയിൽ വന്ന ഡ്രൈവറും കൂടെ യാത്ര ചെയ്ത സ്ത്രീയും. എ​ന്റെ ചോരയിൽ ചവിട്ടി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു ഡ്രൈവർ നല്ല തണ്ണിയാണ്ഴ

കാല് ഉറക്കുന്നില്ല വണ്ടിയിൽ ചാരി നിർത്തിയിരിക്കുവാണ്.

ഇത് കാണുന്ന നീ എന്തു ചെയ്യും”

അവളുടെ മുഖം പതുക്കെ മാറുന്നു. എന്തോ വേണ്ടാത്തത് കേട്ട മാതിരി അവൾ വിഷയം മാറ്റുന്നു.

ഞാൻ വീണ്ടും സംഗതി ട്രാക്കിലെടുത്തിട്ടു. അല്ല പറ നീ എന്തു ചെയ്യും.

“അങ്ങനെയോക്കെ നടക്കോ” നടക്കും നടന്നിട്ടുണ്ടലോ, ഇനി ആ ഓടിച്ചവൻ ആലപ്പുഴ കലക്ടറും, കൂടെയിരുന്ന സ്ത്രീ എറണാകുളം കലക്ടറും ആണെന്ന് ആലോചിച്ചേ. നിനക്ക് എന്തേലും ചെയ്യാൻ പറ്റുമോ?

ഞാൻ എന്തു ചെയ്യാനാ ? അവള് ഇപ്പോ കരയും എന്ന് തോന്നി. കൂടുതൽ ചോദ്യമോ, വാദത്തിനോ പ്രസക്തിയില്ല, കാരണം ആ ചോദ്യം എന്നോടാണെങ്കിലും നിസ്സഹായത തന്നെ ആയിരുന്നു മറുപടി.

തിരിച്ചായാൽ വലിയ പ്രിവിലേജുള്ള എനിക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ആ സമയം തോന്നുന്ന ഒരു നിസ്സഹായതയുണ്ടലോ, നീതി നഷ്ടപ്പെട്ടവന്റെ നിസ്സഹായത. സിസ്റ്റവും നീതി ന്യായവും പൊലീസും ഭരണകൂടവും മുഖ്യമന്ത്രീം പാർട്ടിം നിഷ്പക്ഷതയും മൗനവും കൊണ്ട് സമൂഹം പോലും എതിർ നിൽക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന നീതി നിഷേധത്തിന്റെ ഒരു ഞെരുക്കം പോലും ഇല്ലാതെ നിസ്സഹായതയുടെ അവസ്ഥ അതിനേക്കൾ ഭീകരമായ എന്തുണ്ട് എന്ന് തോന്നി പോകും. അതിനേക്കാൾ ഭീകരമാണ് അയാൾ ഒന്നും സംഭവിക്കാത്ത മാതിരി
ഈ സിസ്റ്റത്തിന്റെ ഭാഗമായി തുടർന്ന് പോകുന്ന അവസ്ഥ. ബഷീറി​ന്റെ ഭാര്യക്ക് സർക്കാർ തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നൽകി ആശ്വാസം നൽകിയിട്ടുണ്ട്. എന്നാലും ചുമ്മ ആലോചിച്ചു. നാളെ ഇതെ ശ്രീരാമൻ ഒന്നും സംഭവിക്കാതെ ഉന്നത വിദ്യഭ്യാസ വകുപ്പിൽ വല്ല തസ്തികയിലും ഇരിക്കുമ്പോൾ ഈ സ്ത്രീ ഒരു ആവശ്യവുമായി പോകേണ്ടി വരുന്ന അവസ്ഥ.

ബഷീറിന് രണ്ടു കുഞ്ഞു മക്കളാണ്. അവർ പഠിക്കുന്ന സ്കൂളിൽ ഈ ശ്രീരാമൻ ചെന്ന് ട്രാഫിക് ബോധവൽക്കരണത്തെ കുറിച്ച് ക്ലാസെടുക്കുന്ന അവസ്ഥ, അതിലെ ആ കുടുംബത്തിന്റെ നിസ്സഹായതയുണ്ടല്ലോ. അതോക്കെ അനുഭവിക്കുമ്പോ മാത്രമേ മനസ്സിലാവുകയുള്ളു. ഇനിം മനസ്സിലാക്കാൻ ആ ഇടിച്ചത് സ്വന്തം ബൈക്കാണെന്നും ചോരയിൽ കുളിച്ച് കിടക്കുന്നത് നമ്മളാണെന്നും ഒന്ന് ചിന്തിച്ചാൽ മതി. എനിക്ക് ശ്രീറാമിനോട് ഒരു കലിപ്പും ഇല്ല.

കാരണം അയാള് കള്ളു കുടിച്ചത് ഒരു തെറ്റേ ഇല്ല. കള്ളടിച്ച് വണ്ടിയോടിച്ചത് ചെറിയ നിയമ ലംഘനം മാത്രം കള്ളടിച്ച് വണ്ടിയോടിച്ചതിനേക്കാൾ പ്രശ്നം ഒരാളെ കൊന്നതാണ്. അതും കേവലം നിയമ ലംഘനം മാത്രം. എന്നാൽ ഇതിനേക്കാൾ വലിയ ഭീകരമായ പ്രശ്നം തോന്നുന്നത് ഇത്രയും കള്ളടിച്ചും അയാൾക്ക് വണ്ടി ഓടിക്കാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടി എന്നതാണ്. ക്രിസ്മസിന് വൈൻ കുടിച്ചാൽ വണ്ടി എടുക്കണോ എന്ന് സംശയിക്കുന്നവരെ കണ്ടിട്ടുണ്ട് . അവിടെയാണ് ശ്രീറാം കാല് നിലത്തുറക്കാൻ കഴിയാത്ത അവസ്ഥയിൽ പോലും കാർ എടുത്ത് ഓടിക്കുന്നത്. അതയാളെ നിയമം തൊടില്ലെന്നും ഇനി തൊട്ടാലും ഊരിപോരാം എന്നും ഉള്ള നിയമലംഘനത്തിന്റെയും സ്വാധീനത്തിന്റെയും ആത്മവിശ്വാസമാണ്. തനിക്ക് വേണ്ടി നിയമം വഴിമാറും എന്ന തോന്നലാണ്. ഈ തോന്നലാണ്

എനിക്ക് കൂടുതൽ പേടിയുണ്ടാക്കുന്നത്. അതിന് ഒരു സംവിധാനം മുഴുവൻ കൂട്ടു നിൽക്കുന്നതും അയാളെ രക്ഷിച്ചെടുക്കുന്നതും വലിയ വായിൽ മൈതാന പ്രസംഗം നടത്തുന്ന മുഖ്യമന്ത്രി അയാളെ വീണ്ടും സമാന അവസ്ഥയിൽ Re instate ചെയ്യുന്നതും ആണ് എനിക്ക് കൂടുതൽ പേടിയാക്കുന്നത്. ഇവിടെയാണ് കൂടുതൽ അധികാരം കിട്ടുന്ന പദവിയിലേക്ക് അയാൾ വരുന്നത് ഒരു ഉൾക്കിടലത്തോടെ കാണുന്നത്.

മുടി നീട്ടിവളർത്തിയാൽ കോളനിക്കാരോക്കെ കഞ്ചാവാണെന്ന് പറയുന്നവനും നഞ്ചിയമ്മക്ക് ശുദ്ധ സംഗീതം അറിയാമോന്ന് ചോദിക്കുന്നവനും പോലും ശ്രീറാമി​ന്റെ മാനിപ്പുലേഷൻ ജാത്യാലുള്ള പ്രിവിലേജാണെന്ന് കണ്ടെത്തുന്നില്ലാത്തതാണ് അയാളുടെ ധൈര്യം. ഈ ധൈര്യവും സ്വാധീനവും

വെച്ച് ഒരു കേസ് അട്ടിമറിക്കുന്ന ഒരാളെ അധികാരത്തിൽ ഇരുത്തുന്ന സർക്കാർ വെറും നാറിയ സർക്കാരാണെന്ന് പറയേണ്ടി വരും. ഇവിടെ നിന്നാണ് സ്വന്തം തെറ്റ് പോലും തേച്ചു മായ്ച്ചു കളയുന്ന അയാളുടെ മെറിറ്റ് എന്താണെന്ന് ആലോചിക്കേണ്ടി വരുന്നത്. അയാളെ അടവെച്ച് വിരിയിക്കാൻ ചിലവാക്കിയ കാശ് തിരിച്ച് പിടിക്കണം. എങ്കിൽ പോലും

കാറ്റിൽ നിന്ന് കരിവേപ്പില ഉണ്ടാക്കുന്ന ഒരുപാട് കോർപ്പറേഷനുകളുണ്ട് നമ്മുക്ക്. അതിൽ കൊണ്ടിരുത്തി വേണം തിരിച്ച് പിടിക്കാൻ. അല്ലാതെ അയാളെ സഹിക്കേണ്ട ബാദ്ധ്യത ജനങ്ങൾക്കില്ല. ഒരു ജോലികൊണ്ട് ബഷീറിന്റെ കുടുംബത്തെ ഒരുപാട് സഹായിക്കാൻ കഴിഞ്ഞേക്കും, പക്ഷെ തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വാപ്പയുടെ സ്നേഹലാളനങ്ങൾ നഷ്ടപെടുന്ന രണ്ടു കുട്ടികളുടെ മുമ്പിൽ ഈ സർക്കാർ ഒരു കൊടും കുറ്റവാളിയാണ്. ശ്രീറാമിനെക്കാൾ വലിയ കുറ്റവാളി. 

Advertisement