77% ആൾക്കാരിലെ രക്തത്തിലും പ്ലാസ്റ്റിക്ക്; കണ്ടെത്തിയതിൽ ക്യാരിബാഗുകൾ നിർമ്മിക്കുന്ന പോളിയെത്തിലീനും

ലണ്ടൻ: മനുഷ്യരക്തത്തിൽ വലിയ തോതിൽ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഞെട്ടിക്കുന്ന പുതിയ പഠനം.

പഠനമനുസരിച്ച്‌, പരിശോധിച്ചവരിൽ 77 ശതമാനം ആൾക്കാരിലും രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ ഉണ്ടായിരുന്നു.

ഡച്ച്‌ ഗവേഷകർ നടത്തിയ പഠനത്തിൽ പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) മനുഷ്യരക്തത്തിൽ കാണപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഏറ്റവും കൂടുതലുള്ള രൂപമാണെന്ന് കണ്ടെത്തി. പിഇടി സാധാരണയായി വെള്ളം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്നതാണ്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇൻഡിപെൻഡന്റെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണപാനീയങ്ങളിലൂടെയും പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

പഠനത്തിന്റെ കണ്ടെത്തലുകൾ തീർച്ചയായും ഭയപ്പെടുത്തുന്നതാണെന്നും ഇത്രയും വലിയതോതിൽ ആൾക്കാർ പ്രത്യക്ഷത്തിൽ വളരെയധികം പ്ലാസ്റ്റിക് അകത്താക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നുവെന്ന് തെളിയുകയാണെന്ന് ആംസ്റ്റർഡാമിലെ വ്രിജെ യൂണിവേഴ്‌സിറ്റിയിലെ ഇക്കോടോക്‌സിക്കോളജി ആൻഡ് വാട്ടർ ക്വാളിറ്റി ആൻഡ് ഹെൽത്ത് പ്രൊഫസർ ഡിക്ക് വെതാക്ക് വ്യക്തമാക്കി. ശരീരത്തിലെ ഈ പ്ലാസ്റ്റിക് കണികകൾ വിട്ടുമാറാത്ത തരത്തിലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകും.

പോളിപ്രൊപ്പിലിൻ, പോളിസ്‌റ്റൈറൈൻ, പോളിമീഥൈൽ മെതാക്രിലേറ്റ്, പോളിയെത്തിലീൻ, പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) എന്നീ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ പരിശോധനയ്ക്കായി 22 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 22 രക്തദാതാക്കളിൽ 17 പേരുടെയും രക്തത്തിൽ പ്ലാസ്റ്റിക് കണങ്ങളുടെ അളവ് കണ്ടെത്തി. പിഇടി കഴിഞ്ഞാൽ മനുഷ്യന്റെ രക്തസാമ്പിളുകളിൽ കാണപ്പെടുന്ന രണ്ടാമത്തെ പ്ലാസ്റ്റിക്കാണ് പോളിസ്‌റ്റൈറൈൻ. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പലതരം വീട്ടുപകരണങ്ങൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നതാണ്. രക്തത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ മൂന്നാമത്തെ തരം പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിയെത്തിലീൻ ആണ്. പരിശോധനയിൽ 50 ശതമാനം പേരുടെയും രക്തത്തിൽ പോളിയെത്തിലീൻ ടെറഫ്താലേറ്റ് കണ്ടെത്തിയതായി പഠനം പറയുന്നു. അതേസമയം, പരിശോധിച്ച 36 ശതമാനം ആളുകളുടെ രക്തത്തിൽ പോളിസ്‌റ്റൈറൈൻ ഉണ്ടായിരുന്നു.

Advertisement