ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ‍വസ്തുക്കൾക്ക് നാളെ മുതൽ രാജ്യത്ത് നിരോധനം; നിയമ ലംഘകർക്ക് കനത്ത പിഴയും തടവും

ന്യൂഡൽഹി: നാളെ മുതൽ രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയർന്ന മലിനീകരണ സാധ്യതയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ.

2022 ജൂലൈ ഒന്നു മുതൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യത്ത് നിരോധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയത്.

2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച്‌, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2021 പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഭേദഗതി ചട്ടങ്ങൾ, 2021 ഓഗസ്റ്റ് 12ന് വിജ്ഞാപനം ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ആഘോഷവേളയിൽ, സുരക്ഷിതമായി നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിന് ഒരു നിർണായക നടപടിയാണ് രാജ്യം കൈക്കൊള്ളുന്നത്.

ഐക്യ രാഷ്ട്രസഭ പരിസ്ഥിതി അസംബ്ലി നാലിൽ ഈ പ്രമേയം അംഗീകരിച്ചത് ഒരു സുപ്രധാന നേട്ടമായിരുന്നു. 2022 മാർച്ചിൽ സമാപിച്ച ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലിയുടെ അഞ്ചാം സമ്മേളനത്തിൽ, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ആഗോളതലത്തിൽ നടപടിയെടുക്കുന്നതിനുള്ള പ്രമേയത്തിൽ സമവായം വികസിപ്പിക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുമായും ഇന്ത്യ ക്രിയാത്മകമായി ഇടപെട്ടു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ ഉറച്ച നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് സ്റ്റിക്കുകൾ ഉള്ള ഇയർ ബഡ്‌സ്, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്‌റ്റൈറീൻ (തെർമോകോൾ), പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, സ്‌ട്രോ, ട്രേകൾ, മധുരപലഹാര പെട്ടികൾക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകൾ, ക്ഷണ കാർഡുകൾ, സിഗരറ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബാനറുകൾ, സ്റ്റിററുകൾ എന്നിവ നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. നിരോധനം ലംഘിക്കുന്നവർക്ക് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച്‌ പിഴ ചുമത്തുമെന്നും സർക്കാർ അറിയിച്ചു. നിയമപ്രകാരം കുറ്റക്കാരന് അഞ്ചു വർഷം വരെ തടവൊ ഒരു ലക്ഷം പിഴയൊ അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്നതാണ്.

ആഗോളതലത്തിൽ തന്നെ, സമുദ്രത്തിലുൾപ്പെടെ ഭൗമ ജല ആവാസവ്യവസ്ഥകളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച്‌ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നത് എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പാരിസ്ഥിതിക വെല്ലുവിളിയായി മാറിയിരിക്കുന്നു. 2019 ൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നാലാമത് പരിസ്ഥിതി അസംബ്ലിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ മലിനീകരണം പരിഹരിക്കുന്നതിനുള്ള പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. ഈ സുപ്രധാന വിഷയത്തിൽ ആഗോള സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അടിയന്തര ആവശ്യം ഇതിലൂടെ ഉയർത്തിക്കാട്ടി.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർമാർജനം ചെയ്യുന്നതിനുള്ള ബോധവൽക്കരണത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.സംരംഭകരും സ്റ്റാർട്ടപ്പുകളും, വ്യവസായ മേഖല , കേന്ദ്ര, സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റെഗുലേറ്ററി ബോഡികൾ, വിദഗ്ധർ, പൗര സംഘടനകൾ, ഗവേഷണവികസന സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവർക്കായി ഇത് സംബന്ധിച്ച്‌ ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നു.

Advertisement