റഷ്യ-യുക്രൈൻ യുദ്ധം; 10 ലക്ഷം കടന്ന് അഭയാർത്ഥികൾ

Advertisement

കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനിൽ നിന്ന് പത്ത് ലക്ഷത്തിൽ അധികം പേർ അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭ.
യുഎൻ അഭയാർത്ഥി ഏജൻസിയായ യു.എൻ.എച്ച്‌.സി.ആറിന്റെ വെബ്‌സൈറ്റിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യൻ അധിനിവേശം എട്ട്ദിവസം പിന്നിടുമ്പോൾ അഭയാർത്ഥിപ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയൽ രാജ്യമായ പടിഞ്ഞാറൻ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, യുക്രൈൻ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും ഇന്ത്യയിൽ തിരിച്ചെത്തി. ഹിൻഡൻ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറിൽ 15 രക്ഷാദൗത്യ വിമാനങ്ങൾ കൂടി സർവീസ് നടത്തും. ഹംഗറിയിൽ നിന്നും റൊമേനിയയിൽ നിന്നുമാണ് ഈ വിമാനങ്ങളെത്തുക.

200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലർച്ചെയോടെ യുക്രൈനിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.
യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ നിന്ന് ദൈർഘ്യം കുറഞ്ഞ മാർഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം

Advertisement