എക്വഡോർ: പള്ളിയിൽ കുർബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ പിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മരക്കുരിശ് ദേഹത്തേക്ക് വീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. എക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിൽ ഒക്ടോബർ 17നായിരുന്നു അപകടം. ഫാ. പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്.
അൾത്താരയ്ക്ക് സമീപം നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വൈദികന്റെ പിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് ഇളകി തലയിലേക്ക് പതിച്ചത്. ആഘാതത്തിൽ വൈദികൻ നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
ശുശ്രൂഷ തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാൽ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കുരിശ് വീണതോടെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ പരിഭ്രാന്തരായി വൈദികനെ സഹായിക്കാനെത്തി. അടിയന്തര വൈദ്യസഹായം നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ.



























