നന്മയുടെ വിജയം വിളിച്ചോതി ലോകമെങ്ങുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

ക്രിസ്തീയ വിശ്വാസികൾക്കു യേശുവിന്റെ പുനരുത്ഥാനം വലിയ വിജയോത്സവമാണ്. മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ ക്രിസ്തു പരാജയപ്പെടുത്തി, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ വലിയ സന്ദേശം.

പ്രകൃതിയിൽത്തന്നെ നവചൈതന്യത്തിന്റെ തുടിപ്പു പ്രകടമാകുന്ന കാലത്താണ് ഉയിർപ്പ് സംഭവിച്ചത്. പലസ്തീൻ പ്രദേശത്തു ശീതകാലത്ത് (Winter Season) പ്രകൃതി മുഴുവൻ മരിച്ചു മരവിച്ച പ്രതീതി ഉളവാക്കാൻ തക്കവണ്ണം, ഒരു പച്ചില പോലും എങ്ങും കാണ്മാനുണ്ടാകില്ല. എന്നാൽ, മാർച്ച്–ഏപ്രിൽ മാസങ്ങളിൽ വസന്തം വന്നണയുകയായി. അപ്പോൾ പ്രകൃതി മുഴുവൻ നവചൈതന്യത്തുടിപ്പു പ്രകടമാണ്. താരും തളിരുമണിഞ്ഞ വൃക്ഷങ്ങൾ, പുഞ്ചിരി തൂകുന്ന പുതു പുഷ്പങ്ങൾ… അവ ആയിരം പതിനായിരമായി പൊട്ടിവിടരുന്നു. അവയിൽ പാറിപ്പറക്കുന്ന വർണശോഭയുള്ള ചിത്രശലഭങ്ങൾ, പ്രകൃതിമാറ്റം പ്രഘോഷിക്കുന്ന കിളികളുടെ കളകൂജനങ്ങൾ. ഇങ്ങനെ പ്രകൃതി മുഴുവൻ പുതുജീവൻ തുടിച്ചു നിൽക്കുന്ന കാലയളവിലാണ് മരണത്തെയും ജീർണതയെയും മായിച്ചുകൊണ്ടുള്ള ക്രിസ്തുവിന്റെ പുനരുത്ഥാനം സംഭവിച്ചത്.

പുനരുത്ഥാന സന്ദേശത്തിനു പ്രകൃതി തന്നെ സജ്ജമാക്കപ്പെട്ടിരുന്നു. മനുഷ്യരാശിക്ക് ഒരു പുതുജീവനു തുടക്കം കുറിക്കാനുള്ള കാരണമായിട്ടാണു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കാണുന്നത്. ക്രിസ്തീയ സുവിശേഷത്തിന്റെ അടിസ്ഥാനവും ഇതാണ്: ‘‘ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം; നിങ്ങളുടെ വിശ്വാസവും വ്യർഥം’’ (1 കൊറി. 15:14). ഈ വാക്കുകൾ പൗലോസ് അപ്പസ്തോലന്റേതാണ്.

ക്ലാറൻസ് ഹാൾ എന്ന പണ്ഡിതൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘‘ഈസ്റ്റർ എന്തെങ്കിലും ഇന്നു നമ്മോടു സംവേദനം ചെയ്യുന്നെങ്കിൽ അത് ഇപ്രകാരമായിരിക്കും – നിങ്ങൾക്കു സത്യത്തെ കല്ലറയിൽ ഭദ്രമായി നിക്ഷേപിക്കാം. പക്ഷേ, അതവിടെ തുടരുകയില്ല. നിങ്ങൾക്കു സത്യത്തെ കുരിശുമരത്തിന്മേൽ ആണിയടിച്ചു തറയ്ക്കാം; പുത്തൻ തുണികൊണ്ടു ചുറ്റിപ്പൊതിഞ്ഞു കെട്ടാം; എന്നിട്ട് ഒരു കല്ലറയിൽ സൂക്ഷിക്കാം. പക്ഷേ, അത് അവിടെനിന്നു വിജയമകുടം ചൂടി പുറത്തുവരും.’’

ഈസ്റ്റർ ഒരു ഭൂതകാല സംഭവം എന്ന നിലയിലല്ല ശിഷ്യന്മാരും അപ്പസ്തോലിക സഭയും കണ്ടത്. വർത്തമാനകാല ജീവിതത്തിനു ശക്തി പകരുന്ന ഒരു യാഥാർഥ്യമായി അവർ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യവും സഹായവും എല്ലാ ഘട്ടത്തിലും ഏതു സാഹചര്യത്തിലും പ്രതീക്ഷിക്കാവുന്നതാണ്. ഭയാശങ്കകൾ നിറഞ്ഞ ഹൃദയത്തോടെ, ഉത്കണ്ഠാകുലരായി മുറിയുടെ വാതിലുകൾ പോലും ബന്ധിച്ചിരിക്കുമ്പോൾ ‘‘നിങ്ങൾക്കു സമാധാനം’’ എന്നരുളിക്കൊണ്ടു ക്രിസ്തു സന്നിഹിതനാകുന്നു. പ്രാർഥനയ്ക്കും കൂട്ടായ്മയ്ക്കും വരുമ്പോൾ അവിടെ; അധ്വാനത്തിൽ ക്ഷീണിതരായി പരാജയ ഭാവത്തോടെ കഴിയുമ്പോൾ അവിടെ; വഴിയാത്ര ചെയ്യുമ്പോൾ അനുയാത്ര ചെയ്യുന്നതായും, സംശയങ്ങളും സന്ദേഹങ്ങളും ഉയരുമ്പോൾ അവയ്ക്കു പരിഹാരം കാണാൻ അവിടെയും – അങ്ങനെ ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളിലും അവസ്ഥകളിലും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യവും സഹായവും അനുഭവിക്കാൻ കഴിയുന്നു. ഈ സാന്നിധ്യവും ശക്തിയും അനുഭവിച്ചറിയുക എന്നതാണ് ഇന്നിന്റെ ആവശ്യം.

ഈസ്റ്ററിന്റെ സന്ദേശം ഭാവിയിലേക്കും പ്രത്യാശയും പ്രചോദനവും പകരുന്നതാണ്. മരണത്തെ ഭയം കൂടാതെ നേരിടാൻ പ്രാപ്തമാക്കുന്നു. ക്രീമിയൻ യുദ്ധത്തിൽ വെടിയേറ്റു മരിച്ച ഒരു പടയാളിയെപ്പറ്റി വായിച്ചതോർക്കുന്നു. വെടിയേറ്റ ശേഷം അയാൾ തികച്ചും അവശനായി, ടെന്റിലേക്ക് ഇഴഞ്ഞെത്തി. പിന്നീട് അയാളെ ടെന്റിൽ കാണുന്നതു കമഴ്ന്നു കിടക്കുന്നതായാണ്. സമീപത്ത് ഒരു തുറന്ന ബൈബിൾ ഇരിപ്പുണ്ട്. അയാളുടെ രക്തം പുരണ്ട കരം അതിന്റെ താളുകൾ മറിച്ചതായി മനസ്സിലാകും. ഒരു കരം ഇരുന്നതു രക്തം പുരണ്ട ഒരു പേജിലാണ്. ആ കരം ഉയർത്തിയപ്പോൾ അതിനു താഴെയുള്ള വരികൾ വായിക്കാമായിരുന്നു. ‘‘ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല.’’ (യോഹ. 11:26). ഈ സംഭവത്തെപ്പറ്റി ഡി.എൽ. മൂഡി എന്ന ക്രിസ്തീയ പ്രവർത്തകൻ എഴുതി: മരണത്തിൽപോലും ആശ്വാസവും പ്രത്യാശയും നൽകാൻ കഴിയുന്ന ആധ്യാത്മികതയാണ് എനിക്കാവശ്യം! ആശ്വാസം നൽകുന്നു എന്നു മാത്രമല്ല, എന്റെ പ്രിയപ്പെട്ടവരോട് ഒന്നിച്ചു ചേരാൻ കഴിയുമെന്ന പ്രത്യാശയും നൽകുന്നു. പുനരുത്ഥാനത്തിന്റെ ഈ മഹത്വമേറിയ വിശ്വാസമില്ലെങ്കിൽ എത്ര നിരാശയും അന്ധകാരവും അരാജകത്വവുമായിരിക്കും ജീവിതത്തിൽ വന്നുചേരുക.

മരിച്ചവരിൽ നിന്നുള്ള ആദ്യ ഫലമായി ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നുണ്ട്. അതു യഹൂദ മതാചാരത്തിന്റെ പശ്ചാത്തലത്തിലാണ്. അവരുടെ പാരമ്പര്യത്തിൽ ഉൽപന്നങ്ങളുടെ ആദ്യ ഫലം ദേവാലയത്തിൽ ദൈവസമക്ഷം സമർപ്പിക്കപ്പെടും. അതോടുകൂടി ഉൽപന്നമെല്ലാം സമർപ്പിക്കപ്പെട്ടു എന്നതിന്റെ അടയാളവും സൂചനയുമാണ്. അതുപോലെ മരിച്ചവരിൽനിന്നു മഹത്വത്തോടെ രൂപാന്തരപ്പെട്ട്, ആദ്യമായി ഉയിർത്തെഴുന്നേറ്റതു ക്രിസ്തുവാണ്. ആ യാഥാർഥ്യം മറ്റെല്ലാ വിശ്വാസികൾക്കും പുനരുത്ഥാനം ഉറപ്പാക്കുന്നു.

ഈസ്റ്റർ ഒരു മഹോത്സവമായി കൊണ്ടാടുന്നത് മേൽപറഞ്ഞ തരത്തിലുള്ള പ്രത്യാശ, വർത്തമാന ജീവിതത്തിൽ നൽകി മുന്നേറാൻ സഹായിക്കുന്നു എന്നതിനാലാണ്. ദുരന്തങ്ങളും മാരകരോഗങ്ങളും മനുഷ്യജീവിതത്തെ നിരാശയിലേക്കു തള്ളിവിടുമ്പോൾ തിന്മയെ കീഴ്പ്പെടുത്തുന്ന ദൈവശക്തിയെപ്പറ്റിയുള്ള ചിന്ത ധൈര്യവും പ്രത്യാശയും പകരട്ടെ.

Advertisement