യുഎൻ വോട്ടെടുപ്പിലെ ഇന്ത്യൻ നിലപാട് ഞെട്ടിപ്പിക്കുന്നതെന്ന് ഇടതുപാർട്ടികൾ

Advertisement

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പിൽ വിട്ടുനിന്ന ഇന്ത്യൻ നിലപാട് ഞെട്ടിപ്പിക്കുന്നത് ആണെന്ന് ഇടതു പാർട്ടികൾ. സിപിഎമ്മും സിപിഐയും ആണ് സംയുക്ത പ്രസ്താവനയിൽ നിലപാടിനെ വിമർശിച്ചത്. പലസ്തീൻ രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യൻ വിദേശകാര്യ നയം മാറുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

യുഎൻ നിർദേശ പ്രകാരം വെടി നിർത്തലിന് ഉടൻ തയ്യാറാകണമെന്നും യുഎൻ രക്ഷാസമിതിയുടെ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം നാളെ ഡൽഹിയിൽ ധർണ നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നടത്തുന്ന ധർണ്ണയിൽ പി ബി, കേന്ദ്ര കമ്മറ്റി അംഗങ്ങൾ പങ്കെടുക്കും. എകെജി ഭവന് മുന്നിലാണ് ധർണ്ണ നടത്തുക.

എൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ നിലപാട് ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമെന്ന് പ്രിയങ്കഗാന്ധി പ്രതികരിച്ചു. രാജ്യം ഇതുവരെ നേടിയ എല്ലാ പുരോഗതികൾക്കും എതിരാണ് കേന്ദ്രസർക്കാർ നിലപാട്. കണ്ണിന് പകരം കണ്ണ് എന്ന നിലപാട് ലോകത്തെ അന്ധരാക്കുമെന്ന എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളോടെയാണ് സമൂഹമാധ്യമമായ എക്സിൽ പ്രിയങ്ക പ്രതികരിച്ചത്.

Advertisement