ഇസ്രയേൽ ഉറപ്പിച്ചു പറയുന്നു; ഈ മലയാളി വനിതകൾ ശരിക്കും ‘ഇന്ത്യൻ സൂപ്പർവിമൻ’!

Advertisement

ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിൽനിന്ന് ഇസ്രയേൽ സ്വദേശികളെ രക്ഷിച്ച രണ്ടു മലയാളി വനിതകൾ‌ക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേൽ എംബസി. ‘ഇന്ത്യൻ സൂപ്പർവിമൻ’ എന്ന തലക്കെട്ടോടെയാണ് കേരളത്തിൽ നിന്നുള്ള സബിത, മീര മോഹനൻ എന്നീ വനിതകളുടെ ധീരതയെപ്പറ്റി ഇസ്രയേൽ എംബസി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പറയുന്നത്.

ഇസ്രയേൽ – ഗാസ അതിർത്തിയോടു ചേർന്നാണ് സബിതയും മീരയും കെയർ‌ ഗിവറായി ജോലി ചെയ്യുന്ന വീട്. ഇവിടെ എഎൽഎസ് രോഗബാധിതയായ റാഹേൽ എന്ന സ്ത്രീയേയാണ് ഇവർ പരിചരിക്കുന്നത്. അതിർ‌ത്തി കടന്നെത്തിയ ഹമാസ് സംഘം ആക്രമണം നടത്തുന്നതിനിടെ ഈ വീട്ടിലുമെത്തി. വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ സബിതയും മീരയും റാഹേലുമായി സുരക്ഷാമുറിയിൽ കടന്നു. അക്രമികൾ സുരക്ഷാമുറിയുടെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചപ്പോൾ സബിതയും മീരയും വാതിൽ തള്ളിപ്പിടിച്ച് പ്രതിരോധിക്കുകയായിരുന്നു. നാലര മണിക്കൂറോളം അവർക്ക് അങ്ങനെ നിൽക്കേണ്ടിവന്നു. ഒടുവിൽ അക്രമികൾ പിൻവാങ്ങുകയായിരുന്നു. അന്ന് സംഭവിച്ച കാര്യങ്ങൾ സബിത വിശദീകരിക്കുന്ന വിഡിയോയും ഇസ്രയേൽ എംബസി പങ്കുവച്ചിട്ടുണ്ട്. ‘ഇന്ത്യൻ സൂപ്പർവിമൻ’ എന്ന തലക്കെട്ടും ഒരു ലഘു കുറിപ്പും ഇതിനൊപ്പമുണ്ട്.

‘‘കേരളത്തിൽ നിന്നുള്ള കെയർഗിവറായ സബിതയുടെ ഈ അനുഭവം കേൾക്കൂ. വീടിനുള്ളിൽ അതിക്രമിച്ചു കടക്കാനും തങ്ങൾ പരിചരിക്കുന്ന ഇസ്രയേൽക്കാരെ കൊലപ്പെടുത്താനുമുള്ള ഹമാസിന്റെ ശ്രമങ്ങളെ വാതിൽ തള്ളിപ്പിടിച്ച് മീരാ മോഹനനോടൊപ്പം എപ്രകാരമാണ് പ്രതിരോധിച്ചതെന്ന് സബിത വിവരിക്കുന്നു’’ – എന്നാണ് വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ്. വെടിയുണ്ടകൾ പതിച്ച ഒരു വാതിലിന്റെയും ഭിത്തിയുടെയും ചിത്രവും എംബസി പങ്കുവച്ചു.

സബിതയുടെ വാക്കുകളിലൂടെ:

അതിർത്തി പ്രദേശത്താണ് കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ജോലി ചെയ്യുന്നത്. ഈ വീട്ടിൽ ഞാനുൾപ്പെടെ രണ്ട് കെയർഗിവർമാരാണുള്ളത്. എഎൽഎസ് ബാധിതയായ സ്ത്രീയെയാണ് ഞങ്ങൾ പരിചരിക്കുന്നത്. അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ ജോലി പൂർത്തിയാക്കി മടങ്ങാനൊരുങ്ങുന്ന സമയത്താണ് 6.30 ഓടെ അപായ സൈറൺ മുഴങ്ങിയത്. അതോടെ ഞങ്ങൾ സേഫ്റ്റി റൂമിലേക്ക് ഓടി. അന്ന് സൈറൺ നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

ഇതിനിടെ റാഹേലിന്റെ മകൾ വിളിച്ച് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് അറിയിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വീടിന്റെ മുൻവാതിലും പിൻവാതിലും എത്രയും വേഗം അടയ്ക്കാൻ അവർ നിർദ്ദേശിച്ചു. തറയിൽ ചവിട്ടുമ്പോൾ കൂടുതൽ ഗ്രിപ് കിട്ടുന്നതിനായി ഞങ്ങൾ ചെരിപ്പുകൾ അഴിച്ചുമാറ്റി.

ഏതാനും മിനിറ്റുകൾക്കുള്ളിൽ അക്രമികൾ വീട്ടിലെത്തി. വെടിയുതിർത്തും വീടിന്റെ ഗ്ലാസുകൾ തകർത്തും അവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ റാഹേലിന്റെ മകൾ വിളിച്ച് ഒരു കാരണവശാലും വാതിൽ തുറക്കാൻ അനുവദിക്കരുതെന്നും എല്ലാവരും ചേർന്ന് തള്ളിപ്പിടിക്കണമെന്നും നിർദ്ദേശിച്ചു. ഏതാണ്ട് നാലര മണിക്കൂർ സമയമാണ് ഞങ്ങൾ ആ വാതിൽ തള്ളിപ്പിടിച്ചു നിന്നത്. ഏതാണ്ട് 7.30 മുതൽ അക്രമികൾ വീടിനു പുറത്തുണ്ടായിരുന്നു.

പുറത്തുനിന്ന് വാതിൽ തുറക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. ഞങ്ങളാകട്ടെ, അവർ അകത്തു കടക്കാതിരിക്കാൻ വാതിൽ തള്ളിപ്പിടിച്ചുനിന്ന് പ്രതിരോധിച്ചു. അവർ വാതിലിൽ ശക്തമായി അടിക്കുകയും വാതിലിനു നേരെ വെടിയുതിർക്കുകയും ചെയ്തുകൊണ്ടിരുന്നു.

അവിടെയുണ്ടായിരുന്ന എല്ലാം ഹമാസ് സംഘം തകർത്തു. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നുപോലും ഞങ്ങൾക്ക് മനസ്സിലായില്ല. ഏതാനും മണിക്കൂറുകൾക്കു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും വെടിയൊച്ച കേട്ടു. ഇസ്രയേൽ സൈന്യം നമ്മെ രക്ഷിക്കാനായി എത്തിയിട്ടുണ്ടെന്ന് ഗൃഹനാഥനായ ഷുലിക് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാനായി അദ്ദേഹം പുറത്തിറങ്ങി നോക്കി. അവിടെ എല്ലാം തകർക്കപ്പെട്ടിരുന്നു.

ഒന്നും അവശേഷിപ്പിക്കാതെ അവർ എല്ലാം മോഷ്ടിച്ചു കൊണ്ടുപോയി. മീരയുടെ പാസ്പോർട്ട് ഉൾപ്പെടെ അവർ കവർന്നു. എന്റെ എമർജൻസി ബാഗും കൊണ്ടുപോയി. അതിർത്തിയിലായതിനാൽ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടുന്ന ഒരു എമർജൻസി ബാഗ് ഞങ്ങൾ സൂക്ഷിക്കാറുണ്ട്.

ഏതു നിമിഷവും മിസൈൽ ആക്രമണം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ‌അങ്ങനെ സംഭവിക്കുമ്പോൾ സേഫ്റ്റി റൂമിൽ ഒളിക്കുന്നതും പതിവായിരുന്നു. എല്ലാം അവസാനിക്കുമ്പോൾ വീണ്ടും പുറത്തുവരുന്നതായിരുന്നു രീതി. പക്ഷേ, ഇതുപോലൊരു ഭീകരാക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ഒളിക്കാനോ എന്തെങ്കിലും ചെയ്യാനോ ഞങ്ങൾക്ക് സാവകാശവും കിട്ടിയില്ല.’’

Advertisement