‘ബങ്കറിനുള്ളിൽ ഗ്യാസ് തുറന്നുവിട്ടു; വെടിവയ്പ്പിൽ ‘രക്ഷകരായത്’ ചുറ്റിലും വീണ മൃതദേഹങ്ങൾ’

ജറുസലം: തെക്കൻ ഇസ്രയേലിലെ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് സായുധസംഘം നടത്തിയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരണവുമായി ഒരു ദൃക്സാക്ഷി കൂടി രംഗത്ത്. ‌ആക്രമണത്തിൽനിന്നു രക്ഷതേടി ബങ്കറിലൊളിച്ച ആളുകളെ കൊലപ്പെടുത്തുന്നതിനായി അക്രമികൾ ബങ്കറിനുള്ളിൽ ഗ്യാസ് തുറന്നുവിട്ടതായി ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട റാഫേൽ സീമർമാൻ വെളിപ്പെടുത്തി. ഹോളോകോസ്റ്റ് കാലത്ത് ജൂതൻമാരെ കൊലപ്പെടുത്താൻ നാത്‌സികൾ ഉപയോഗിച്ചിരുന്ന ഗ്യാസ് ചേംബറുകളുടെ കാര്യമാണ് ആ സമയത്ത് ഓർമ വന്നതെന്നും സീമർമാൻ വാർത്താ ഏജൻസിയോടു പറഞ്ഞു.

ബങ്കറിനുള്ളിൽക്കയറി സായുധസംഘം നടത്തിയ വെടിവയ്പ്പിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായും, ചുറ്റിലും വീണ മൃതദേഹങ്ങൾക്കിടയിൽ താൻ ജീവനോടെ ബാക്കിയായെന്നും സീമർമാൻ വെളിപ്പടുത്തി.

അപ്രതീക്ഷിതമായുണ്ടായ റോക്കറ്റ് ആക്രമണത്തിൽനിന്നു രക്ഷ തേടി ഓടുന്നതിനിടെ, ഒരു കാറിലാണ് സമീപത്തെ ബങ്കറിനു സമീപമെത്തിയതെന്ന് സീമർമാൻ വിശദീകരിച്ചു. സംഗീത പരിപാടിക്കെത്തിയ 40–50 പേർ അപ്പോഴേക്കും ബങ്കറിൽ അഭയം തേടി എത്തിയിരുന്നു. ബങ്കറിനുള്ളിൽ ആദ്യം പ്രവേശിച്ച ഞാൻ ഏറ്റവും പിന്നിലായിരുന്നു. പിന്നാലെ കയറിയവർ മുന്നിലായും നിരന്നു.

പുറത്ത് പൊലീസും അക്രമികളും തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ ശബ്ദം ബങ്കറിനുള്ളിലും കേൾക്കാമായിരുന്നു. അക്രമികളുടെ കണ്ണിൽപ്പെടാതിരിക്കാൻ നിശബ്ദരായിരിക്കുന്ന സമയത്താണ് അവർ ബങ്കറിനുള്ളിലേക്കു ഗ്യാസ് തുറന്നുവിട്ടത്. ഹോളോകോസ്റ്റിനിടെ ജൂതൻമാരെ കൊലപ്പെടുത്താൻ നാത്‌സികൾ ഉപയോഗിച്ചിരുന്ന ഗ്യാസ് ചേംബറാണ് ഈ സമയത്ത് ഓർമ വന്നത്. ഗ്യാസ് തുറന്നുവിട്ടതോടെ ശ്വാസം എടുക്കാൻ പോലും സാധിക്കാത്ത സാഹചര്യമായി. പരമാവധി 30 സെക്കൻഡ് വരെ മാത്രമേ ഇത്തരം ഘട്ടത്തിൽ പിടിച്ചു നിൽക്കാനാകൂ.

ഗ്യാസ് തുറന്നുവിട്ടതിനു പിന്നാലെ സായുധരായ അക്രമികൾ ബങ്കറിനുള്ളിൽ പ്രവേശിച്ച് തലങ്ങും വിലങ്ങും വെടിയുതിർത്തു. ഇടയ്ക്ക് അവർ ചെറു ഗ്രനേഡുകൾ ഉപയോഗിച്ചും ആക്രമണം നടത്തി.

‘വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചുവീണു. നിമിഷങ്ങൾക്കകം എനിക്കു ചുറ്റം മൃതദേഹങ്ങൾ നിറഞ്ഞു. എനിക്കു ചുറ്റുമുള്ള മൃതദേഹങ്ങൾ അക്രമികളുടെ വെടിവയ്പ്പിൽ കവചമായി മാറി. ആ അവസ്ഥയിൽ മണിക്കൂറുകളാണ് ഞാൻ ബങ്കറിനുള്ളിൽ ചെലവഴിച്ചത്. ഏതു സമയവും മരണം തേടിയെത്താമെന്നു ഭയന്ന് മൃതദേഹങ്ങൾക്കൊപ്പം അവിടെ കിടന്നു. ഗ്യാസ് തുറന്നുവിട്ടതു നിമിത്തമുണ്ടായ അസ്വസ്ഥതകൾക്കിടെ സമാധാനപരമായ ഒരു മരണം ഞാൻ ആഗ്രഹിച്ചു. അദ്ഭുതമെന്നു പറയട്ടെ, ആ ബങ്കറിനുള്ളിൽനിന്ന് പരുക്കുകളുമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ആറു പേരിൽ ഒരാളായി ഞാനും.’ – സീമർമാൻ വിവരിച്ചു.

‘ആക്രമണം നടക്കുന്നതിനു മുൻപ് ഞങ്ങളെല്ലാം അവിടെ ആഘോഷത്തിലായിരുന്നു. ആടിയും പാടിയും ആഘോഷിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ അവിടെയുണ്ടായിരുന്നു. ആരുടെയും മതവും വിശ്വാസവും അവിടെ പ്രസക്തമായിരുന്നില്ല. ഓരോരുത്തരും എവിടെ നിന്നാണ് വരുന്നതെന്നതു പോലും പ്രസക്തമായിരുന്നില്ല’ – സീമർമാൻ പറഞ്ഞു.

തെക്കൻ ഇസ്രയേലിൽ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇതിലേറെയും ചെറുപ്പക്കാരാണ്. ഗാസാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ അകലെയാണു സംഗീതോത്സവം നടന്ന സ്ഥലം. വെള്ളിയാഴ്ച രാത്രിയിലെ നൃത്തപരിപാടിക്കുശേഷം ക്യാംപുകളിൽ മിക്കവാറും പേർ ഉറക്കത്തിലായിരിക്കെയാണ് രാവിലെ ആക്രമണമുണ്ടായത്.

അപ്രതീക്ഷിതമായ വെടിവയ്പിൽനിന്നു രക്ഷപ്പെടാനായി പലവഴിക്കായി ചിതറിയോടിയവരിൽ പലരും 6 മണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു. ഒട്ടേറെപ്പേരെ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോയി. അടുത്ത പ്രദേശമായ റഹാത്തിൽനിന്നുള്ള ഇസ്രയേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരുക്കേറ്റവരെ അടക്കം രക്ഷിച്ചത്. സംഭവസ്ഥലത്ത് ആയിരത്തോളം കാറുകളാണു ചിതറിക്കിടക്കുന്നത്. വാഹനങ്ങളുടെ ടയറുകൾ വെടിവച്ചു തകർത്തിരുന്നു. രക്ഷപ്പെടാനായി ഓടുന്നതിന്റെയും ആളുകളെ പിന്തുടർന്നു പിടിച്ചുകൊണ്ടുപോകുന്നതിന്റെയും വിഡിയോകൾ പുറത്തുവന്നു.

Advertisement