അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക്, ശനിയാഴ്ച സംസ്കരിക്കും

Advertisement

ലണ്ടൻ: ലോകമെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിങ് കൂട്ടക്കൊലയിൽ ഇരകളായ അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക് അയയ്ക്കും. ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണു നടപടികൾ പൂർത്തിയാക്കി നാളെ (വെള്ളിയാഴ്ച) രാവിലെ 8.50ന് മാഞ്ചസറ്റർ വിമാനത്താവളത്തിൽ നിന്നു മൃതദേഹ പേടകങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുക. ആറു മണിക്കൂറോളം ദുബായിൽ ട്രാൻസിറ്റുള്ളതിനാൽ ശനിയാഴ്ച രാവിലെ 08:05നാകും മൃതദേഹപേടകങ്ങൾ വഹിച്ചുള്ള എമിറേറ്റ്സ് വിമാനം നെടുമ്പാശേരിയിൽ എത്തുക.

ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ ഏതാനും മണിക്കൂറുകൾ പൊതുദർശനത്തിനു വച്ചശേഷം ശനിയാഴ്ചതന്നെ സംസ്കരിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. അഞ്ജുവിന്റെ കുടുംബം ബ്രിട്ടനിലെ നെസ്റ്റ് ഓഫ് കിൻ (അടുത്ത ബന്ധു) ആയി ചുമതലപ്പെടുത്തിയ അഞ്ജുവിന്റെ സഹപ്രവർത്തകനായ മനോജ് മാത്യുവും മൃതദേഹപേടകങ്ങളെ അനുഗമിക്കുന്നുണ്ട്.

ബ്രിട്ടനിലെ മലയാളികൾ ഒന്നടങ്കം ഞെട്ടിത്തരിച്ച ദുരന്തദിവസം മുതൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും കെറ്ററിങ്ങിൽ പൊതുദർശനം നടത്താനും വേണ്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മനോജും സുഹൃത്തുക്കളും ചേർന്നായിരുന്നു. സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് മനോജ് മൃതദേഹപേടകങ്ങളെ അനുഗമിക്കുന്നത്. ഇതിനായി മനോജിന് എൻഎച്ച്എസ് ആശുപത്രി അധികൃതർ പ്രത്യേക അവധി അനുവദിച്ചിട്ടുണ്ട്.

അന്വേഷണവും പോസ്റ്റുമോർട്ടം നടപടികളുമെല്ലാം അതിവേഗം നടത്താൻ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്ന് ഉൾപ്പെടെയുള്ള ഇടപെടൽ ഉണ്ടായിരുന്നെങ്കിലും പതിവുപോലെ ഒരുമാസത്തോളം സമയമെടുത്താണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. ക്രിസ്മസ്- ന്യൂ ഇയർ അവധിദിവസങ്ങൾ ഇടയ്ക്കു വന്നതോടെയാണു നടപടികൾ ഇത്രയേറെ വൈകിയത്.
അസ്വാഭാവിക മരണങ്ങളിൽ ബ്രിട്ടനിലെ നടപടിക്രമങ്ങൾ ഏറെയായതിനാലാണ് ഈ കാലതാമസം. തുടരന്വേഷണത്തിനുള്ള സാധ്യത ഇല്ലാതാകുന്നതുവരെ ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹങ്ങൾ പൊലീസ് വിട്ടുനൽകില്ല.

പ്രവാസ ജീവിതത്തിനിടയിൽ ബ്രിട്ടനിൽ മരിച്ച മലയാളികൾ നിരവധിയാണ്. എങ്കിലും ഇത്തരമൊരു മരണവും വിടവാങ്ങലും ആർക്കും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും ഇടയില്ല. സംരക്ഷകനാകേണ്ട ഭർത്താവിന്റെ കൈകളാലാണ് അഞ്ജുവും മക്കളും കൊല്ലപ്പെട്ടത്.
ഡിസംബർ 15 വ്യാഴാഴ്ചയായിരുന്നു ബ്രിട്ടനെ ആകെ നടുക്കി കെറ്ററിങ്ങിലെ വാടകവീട്ടിൽ വച്ച് കണ്ണൂർ സ്വദേശിയായ ചേലവേലിൽ ഷാജു, ഭാര്യ അഞ്ജു അശോകിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയത്. മൂവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ലിവർപൂൾ ബെർക്കിൻഹെഡിലുള്ള ലോറൻസ് ഫ്യൂണറൽ സർവീസാണ് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്.

Advertisement